വെഞ്ഞാറുമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അടൂർ പ്രകാശ് എംപിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ. കൊലപ്പെടുത്തുമെന്ന് അറിയാമായിരുന്നിട്ടും തടയാനായി അടൂർ പ്രകാശ് ഒന്നും ചെയ്തില്ലെന്ന് കോടിയേരി ആരോപിച്ചു.
കൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൊല്ലപ്പെട്ടവരെ കെപിസിസി അധ്യക്ഷൻ ഗുണ്ടകളായി ചിത്രീകരിക്കുകയാണ്. ഒരുതരത്തിലും ഇത് ന്യായീകരിക്കാനാകില്ല. അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടതോടെ ശ്രദ്ധ തിരിക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഉന്നത കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്
കോൺഗ്രസുകാർ പലതരത്തിൽ പ്രകോപിപ്പിക്കാൻ ശ്രമിക്കും. അതിൽ സിപിഎം പ്രവർത്തകർ പെട്ടു പോകരുത്. പാർട്ടി ഓഫീസുകൾ ആക്രമിക്കരുത്. കൊലക്ക് കൊല എന്നതിനെ സിപിഎം പ്രോത്സാഹിപ്പിക്കില്ല. അക്രമത്തെ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു.