പാവപ്പെട്ടവര്‍ക്ക് 24 മണിക്കൂറും അരി ലഭ്യമാക്കാന്‍ റൈസ് എടിഎമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക

ബെംഗളൂരു: റേഷൻ കാർഡ് ഉടമകൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാൻ റൈസ് ഡിസ്പെൻസിങ് മെഷീനുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. റൈസ് എടിഎമ്മുകൾ എന്നപേരിലാവും ഇവ അറിയപ്പെടുക.

റേഷൻ കടകൾക്കു മുന്നിൽ ദീർഘനേരം ക്യൂ നിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമാണ് ഇവ സ്ഥാപിക്കുന്നതെന്ന് കർണാടകയിലെ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

കോവിഡ് ലോക്ക്ഡൗണിനിടെ ഇൻഡോനീഷ്യയും വിയറ്റ്നാമും റൈസ് എടിഎമ്മുകൾ സ്ഥാപിച്ച് ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയിരുന്നു. ആ മാതൃകയാണ് കർണാടകയും പിന്തുടരാൻ ഒരുങ്ങുന്നത്. പരീക്ഷണാർഥം രണ്ട് റൈസ് എടിഎമ്മുകളാവും ആദ്യം സ്ഥാപിക്കുക. പദ്ധതി വിജയകരമാണെന്ന് കണ്ടാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വ്യാപിപ്പിക്കും.

പകൽ സമയത്ത് ജോലിക്ക് പോകേണ്ടതിനാൽ റേഷൻ കടകളിൽ പോകാൻ സമയം ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബിപിഎൽ) യുള്ളവരെ മുന്നിൽക്കണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മന്ത്രി കെ. ഗോപാലയ്യ പറഞ്ഞു. നൂറ് കിലോയും 500 കിലോയും വീതം അരി സംഭരിക്കാൻ ശേഷിയുള്ള രണ്ടുതരം മെഷീനുകളാവും സ്ഥാപിക്കുക. മെഷിനിൽ നാണയമിട്ടാൽ ആവശ്യക്കാർക്ക് നിശ്ചിത അളവിൽ ധാന്യം ലഭിക്കും

ബാങ്ക് എടിഎമ്മുകളിലേതിന് സമാനമായ ബയോ മെട്രിക് സംവിധാനമോ സ്മാർട്ട് കാർഡോ ഗുണഭോക്താക്കൾക്ക് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും കർണാടക സർക്കാർ അന്നഭാഗ്യ പദ്ധതി പ്രകാരം 2013 മുതൽ അഞ്ച് കിലോ അരി വീതം നൽകുന്നുണ്ട്. എപിഎൽ വിഭാഗക്കാർക്ക് കിലോയ്ക്ക് 15 രൂപ നിരക്കിലും അരി ലഭ്യമാക്കുന്നുണ്ട്.