കല്‍പറ്റ തിരുത്തുമോ ചരിത്രം? കൗതുകത്തോടെ രാഷ്ട്രീയ കേരളം
കല്‍പറ്റ-മുസ്‌ലിം നാമധാരിയെ നിയമസഭയിലേക്കു അയയ്ക്കാത്ത മണ്ഡലമെന്ന ചരിത്രം ഇക്കുറി കല്‍പറ്റ തിരുത്തുമോ? ഉറ്റുനോക്കുകയാണ് രാഷ്ടീയ കേരളം. ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖിനു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയും എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ എം.വി.ശ്രേയാംസ്‌കുമാറിനെ വീഴ്ത്താനായാല്‍ അതു ചരിത്രമാകും. വയനാട് ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലത്തില്‍നിന്നു ആദ്യമായി നിയമസഭാംഗമാകുന്ന മുസ്‌ലിം സമുദായാംഗം എന്ന ഖ്യാതി സിദ്ദിഖിനു സ്വന്തമാകും.
മണ്ഡലത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ മുസ്‌ലിം നാമധാരികളായ പ്രമുഖര്‍ പല പാര്‍ട്ടി ടിക്കറ്റുകളില്‍ മത്സരിച്ചെങ്കിലും ജനവിധി അനുകൂലമാക്കാനായില്ല. 1970ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സിറിയക് ജോണുമായുള്ള അങ്കത്തില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.കെ.അബു വീണു. സിറിയക് ജോണ്‍ 29,950 വോട്ട് നേടിയപ്പോള്‍ അബുവിനു 19,509 വോട്ടാണ് നേടാനായത്.
1980ലെ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയിലെ എം.കമലവുമായി ഏറ്റുമുട്ടിയ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.അബ്ദുല്‍ഖാദറിനും പിഴച്ചു. കമലത്തിനു 37,443ഉം അബ്ദുല്‍ഖാദറിനു 24,403ഉം വോട്ടാണ് കിട്ടിയത്. 1982ല്‍ കല്‍പറ്റയില്‍ വീണ്ടും പോരിനിറങ്ങിയ കമലത്തെ ജനതാപാര്‍ട്ടിയിലെ പി.എ.ഹാരിസാണ് നേരിട്ടത്. 32,794 വോട്ടു നേടി കമലം എം.എല്‍.എയായി. 21,919 വോട്ടാണ് ഹാരിസിനു ലഭിച്ചത്. 1987ല്‍ ജനതാപാര്‍ട്ടിയിലെ എം.പി.വീരേന്ദ്രകുമാറുമായി ഏറ്റുമുട്ടിയ മുസ്‌ലിംലീഗിലെ സി.മമ്മൂട്ടി 15,000ല്‍പരം വോട്ടിനു പിന്നിലായി. വീരേന്ദ്രകുമാറിനു 52,362-ഉം മമ്മൂട്ടിക്കു 34,404-ഉം വോട്ടാണ് ലഭിച്ചത്. 1991ല്‍ കോണ്‍ഗ്രസിലെ കെ.കെ.രാമചന്ദ്രനും ജനതാദളിലെ കെ.കെ.ഹംസയും തമ്മിലായിരുന്നു പ്രധാന മത്സരം. വാശിയേറിയ മത്സരത്തിനൊടുവില്‍ 46,488 വോട്ട് നേടി രാമചന്ദ്രന്‍ കരപറ്റി. ഹംസ 42,696 വോട്ടുപിടിച്ചു. 2001ല്‍ ഹംസയുമായി വീണ്ടും പോരിനിറങ്ങിയപ്പോഴും രാമചന്ദ്രനായിരുന്നു വിജയം. 58,380 വോട്ടുനേടി രാമചന്ദ്രന്‍ ഭൂരിപക്ഷം മെച്ചപ്പെടുത്തി. രണ്ടാം അങ്കത്തില്‍ ഹംസയ്ക്കു 40,940 വോട്ടാണ് നേടാനായത്. 2011ല്‍ സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക് പാര്‍ട്ടിയിലായിരുന്ന എം.വി.ശ്രേയാംസ്‌കുമാറും സി.പി.എമ്മിലെ പി.എ.മുഹമ്മദുമായിരുന്നു മത്സരരംഗത്തെ പ്രധാനികള്‍. 67,018 വോട്ടുമായി ശ്രേയാംസ്‌കുമാര്‍ മണ്ഡലത്തില്‍ വിജയക്കൊടി നാട്ടി. പി.എ.മുഹമ്മദിനു 48,489 വോട്ട് ലഭിച്ചു.
പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കല്‍പറ്റയില്‍ മുസ്‌ലിംനാമധാരി പ്രധാന സ്ഥാനാര്‍ഥികളില്‍ ഒരാളാകുന്ന മത്സരം. ഇക്കുറി സിദ്ദീഖിലൂടെ മണ്ഡലചരിത്രം മാറുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെ യു.ഡി.എഫ് കക്ഷികള്‍. എന്നാല്‍ ശ്രേയാംസ്‌കുമാര്‍ കല്‍പറ്റ എം.എല്‍.എയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിയിരുന്നു. നാട്ടുകാരനെ കല്‍പറ്റയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന വാദവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് അയല്‍ ജില്ലക്കാരനായ സിദ്ദീഖിനു നറുക്കുവീണത്. ഇതേത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധം കെട്ടടങ്ങി. എണ്ണയിട്ട യന്ത്രം പോലെയാണ് മണ്ഡലത്തില്‍ നിലവില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കെട്ടുമുറുക്കി മുസ്‌ലിംലീഗും രംഗത്തുണ്ട്.
ഒരു മുന്നണിയുടെയും കോട്ടയല്ല കല്‍പറ്റ. ഇടതും വലതും പക്ഷക്കാരെ മണ്ഡലത്തിലെ സമ്മതിദായകര്‍ തുണച്ചിട്ടുണ്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തായിരുന്ന ശ്രേയാംസ്‌കുമാര്‍ 18,169 വോട്ടിനാണ് എല്‍.ഡി.എഫിലെ പി.എ.മുഹമ്മദിനെ മുട്ടുകുത്തിച്ചത്. ഇതേ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.കെ.ശശീന്ദ്രന്‍ 13,083 വോട്ടിനു ശ്രേയാംസ്‌കുമാറിനെ പിന്നിലാക്കി.
കല്‍പറ്റ നഗരസഭയും മുട്ടില്‍, കോട്ടത്തറ, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളും അടങ്ങുന്നതാണ് കല്‍പറ്റ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റിയിലും പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി ഒഴികെ പഞ്ചായത്തുകളിലും യു.ഡി.എഫിനായിരുന്നു വിജയം. തോട്ടം തൊഴിലാളികള്‍ നിര്‍ണായക ശക്തിയാണ് മണ്ഡലത്തില്‍. അതിനാല്‍ത്തന്നെ ഇടതും വലതും മുന്നണികള്‍ തോട്ടം മേഖലകളില്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. ബി.ജെപ.ിയിലെ ടി.എം.സുബീഷാണ് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി.
The Best Online Portal in Malayalam