കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി എഐസിസിയുടെ സജിവ പരിഗണനയില്‍. സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ പ്രഥമ സ്ഥാനത്തായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ സാമുദായിക സന്തുലനം കണക്കിലെടുത്തു മറ്റൊരു മണ്ഡലത്തിലേക്കു മാറ്റാനും സജിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയാക്കാനുമാണ് ഉന്നതതലത്തില്‍ നീക്കം. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി ഇതിനു പച്ചക്കൊടി കാട്ടിയതാണ് അറിയുന്നത്. ഇന്നു വൈകുന്നേരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പുല്‍പ്പള്ളി സ്വദേശിയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ സജി. നിലവില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് മെംബറാണ്.
കല്‍പ്പറ്റ മണ്ഡലത്തില്‍ എ ഗ്രൂപ്പ് പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം ജില്ലയില്‍ ഐ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിയുമ്പോള്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നു ഐ ഗ്രൂപ്പ് നേതാക്കളില്‍ ചിലര്‍ പറഞ്ഞു.
ജില്ലയില്‍നിന്നുള്ള കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, ജനറല്‍ സെക്രട്ടറി പി.കെ. ജയലക്ഷ്മി എന്നിവര്‍ എ വിഭാഗത്തില്‍നിന്നുള്ളവരാണ്. ജില്ലയില്‍ ഐ ഗ്രൂപ്പിലുള്ള ഒരു നേതാവും തത്തുല്യ പദവികളില്‍ ഇല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി എന്നിവരും എ വിഭാഗക്കാരാണ്.
ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ഐ ഗ്രൂപ്പില്‍നിന്നുള്ളവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചുവന്നിരുന്നത്. പിന്നീട് ചിത്രം മാറുകയായിരുന്നു. നിലവില്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ മാനന്തവാടിയും ബത്തേരിയും പട്ടികവര്‍ഗത്തിനു സംവരണം ചെയ്തതാണ്. കല്‍പ്പറ്റയാണ് ഏക ജനറല്‍ മണ്ഡലം. ഇവിടെ ജനവിധി തേടാനുള്ള അവസരവും എ ഗ്രൂപ്പിനു നല്‍കുന്നതിലാണ് ഐ ഗ്രൂപ്പിനു അമര്‍ഷം. നേതൃത്വത്തിന്റെ അവണന ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പില്‍ വിപരീത ഫലത്തിനു കാരണമാകുമെന്നു അടക്കം പറയുന്നവരും ഐ ഗ്രൂപ്പിലുണ്ട്.
The Best Online Portal in Malayalam