മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുമുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക നാളെ പാണക്കാട് പ്രഖ്യാപിക്കും. ഇന്നു കോഴിക്കോട് ചേര്‍ന്ന പാര്‍ലമെന്ററി ബോഡി യോഗം സ്ഥാനാര്‍ഥിപ്പട്ടികയ്ക്കു അന്തിമാംഗീകാരം നല്‍കി. നിലവിലുള്ള 11 എംഎല്‍എമാരുടെ പേരുകള്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡോ. എം കെ മുനീര്‍, പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, ടി വി ഇബ്രാഹീം, അബ്ദുല്ല പാറക്കല്‍ എന്നിവരാണ് നിലവിലുള്ള മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കുക. കെ എം ഷാജി, പി കെ ബഷീര്‍, അഡ്വ. എന്‍ ശംസുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, അഡ്വ. ഷംസുദ്ദീന്‍ എന്നിവര്‍ മണ്ഡലം മാറി മല്‍സരിച്ചേക്കും. എംപി സ്ഥാനം രാജിവച്ച പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പി വി അബ്ദുല്‍ വഹാബ് ഏറനാടും തിരൂരില്‍ കുറുക്കോളി മൊയ്തീനും താനൂരില്‍ പി കെ ഫിറോസിനെയുമാണ് പാര്‍ട്ടി മല്‍സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
തിരുവമ്പാടിയില്‍ സി പി ചെറിയ മുഹമ്മദ്, തിരൂരങ്ങാടി പിഎംഎ സലാം, കൊടുവള്ളിയില്‍ ഉമ്മര്‍ മാസ്റ്റര്‍, അഴീക്കോട് കരീം ചേലേരി, കളമശ്ശേരിയില്‍ ടി എ അഹമ്മദ് കബീര്‍, മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ ഗഫൂര്‍, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണു ലിസ്റ്റിലുള്ളത്. മണ്ണാര്‍ക്കാട് അബ്ദുസ്സമദും കുന്നമംഗലത്ത് നജീബ് കാന്തപുരവും മഞ്ചേശ്വരത്ത് എ കെ എം അഷ്‌റഫുമാണ് ലിസ്റ്റിലുള്ളത്. മലപ്പുറത്ത് യു എ ലത്തീഫിന്റെ പേരിനാണ് ഇപ്പോള്‍ മുന്‍ഗണന ലഭിച്ചിട്ടുള്ളത്. പുതിയതായി കൂത്തുപറമ്പും ബേപ്പൂരും പേരാമ്പ്രയും അനുവദിച്ചു കിട്ടുകയാണെങ്കില്‍ യഥാക്രമം പൊട്ടക്കണ്ടി അബ്ദുല്ല, ഉമര്‍ പാണ്ടികശാല, ടി ടി ഇസ്മായില്‍ എന്നിവരായിരിക്കും സ്ഥാനാര്‍ത്ഥികള്‍. മലപ്പുറം മുന്‍സിപ്പല്‍ മുന്‍ ചെയര്‍മാനും ലീഗ് നേതാവുമായിരുന്ന കെ പി മുഹമ്മദ് മുസ്തഫ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പശ്ചാത്തലത്തില്‍ പെരിന്തല്‍മണ്ണയില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ സലീമിനാണു സീറ്റ് സാധ്യത. നിലവിലുള്ള 24 സീറ്റുകള്‍ക്ക് പുറമെ അഞ്ചുസീറ്റുകള്‍ കൂടി മുസ് ലിംംലീഗ് കൂടുതലായി ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നു സീറ്റുകള്‍ അനുവദിക്കുമെന്നാണു വിവരം.
പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അബ്ദുസ്സമദ് സമദാനി, അഡ്വ. എന്‍ ശംസുദ്ദീന്‍, അഹമ്മദ് സിറാജ് സേട്ട് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. വരുന്ന ഏപ്രില്‍ മാസം കാലാവധി അവസാനിക്കുന്ന രാജ്യസഭാ സീറ്റില്‍ കെ പി എ മജീദിനെ മല്‍സരിപ്പിക്കാനും ഏകദേശ ധാരണയായിട്ടുണ്ട്. കാസര്‍കോഡ്, കളമശ്ശേരി സീറ്റുകളിലാണ് പാര്‍ട്ടിക്ക് ഏറെ തലവേദനയുണ്ടാക്കിയത്. കാസര്‍കോട് എന്‍ എ നെല്ലിക്കുന്നിന് ഒരവസരം കൂടി നല്‍കണമെന്ന് പറയുമ്പോള്‍ തന്നെ കല്ലട്ര മാഹിന്‍, കെ എം ഷാജി എന്നിവരെ മല്‍സരിപ്പിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. കളമശ്ശേരിയിലാവട്ടെ നിലവിലുള്ള മങ്കട എംഎല്‍എ ടി എ അഹമ്മദ് കബീര്‍, മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ ഗഫൂര്‍, അഡ്വ. മുഹമ്മദ് ഷാ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. തിരൂരില്‍ കുറുക്കോളി മൊയ്തീനെ മല്‍സരിപ്പിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. താനൂരില്‍ മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങളുടെ പേരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. തിരുവമ്പാടിയില്‍ എം എ റസാഖ് മാഷ് മല്‍സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗുരുവായൂരില്‍ കെ എന്‍ എ ഖാദറിന്റെ പേരിനോടൊപ്പം സിഎച്ച് റഷീദിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. നാളെ പാണക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ 19 എംഎല്‍എമാരുള്ള മുസ്‌ലിംലീഗ് യുഡിഎഫിലെ രണ്ടാം കക്ഷിയാണ്.