തൃശൂര്‍: സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, സിനിമാശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ, ഓഡിയോ പ്രദര്‍ശനം, വോയ്‌സ് മെസേജുകള്‍, എസ്.എം.എസുകള്‍, ദിനപത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങള്‍ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. കലക്ട്രേറ്റിന്റെ ഫ്രണ്ട് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററിലാണ് പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി ലഭ്യമാക്കുന്ന എം.സി.എം.സിയുടെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്.
മീഡിയ ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സിയുടെ മീഡിയ മോണിറ്ററിംഗ് സെല്‍ എല്ലാ മാധ്യമങ്ങളും ദിവസവും നിരീക്ഷിക്കും. പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ത്ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പ് എങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ അപേക്ഷ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സി.ഡിയിലോ ഡി.വി.ഡിയിലോ ആക്കി രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ത്ഥിയുടെ അറിവില്ലാതെയാണ് പരസ്യത്തിന്റെ പ്രസിദ്ധീകരണവും സംപ്രേക്ഷണവും എങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04872360644 എന്ന നമ്പരുകളില്‍ ബന്ധപ്പെടാം. ഇ മെയില്‍ [email protected].