മണ്ഡലം കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നും സിപിഎം പ്രവർത്തകരുടെ വൻ റാലി. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രവാക്യമുയർത്തി തെരുവിലിറങ്ങിയത്.
അതേസമയം പാർട്ടി ഭാരവാഹികളൊന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നില്ല. അനുഭാവികളുടെ പ്രതിഷേധമെന്ന നിലയ്ക്കാണ് പ്രകടനം നടക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.
പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി മത്സരിക്കണമെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്. പ്രകടനം അച്ചടക്ക ലംഘനമാണെങ്കിലും പാർട്ടി സ്ഥാനാർഥി വേണമെന്ന വികാരത്തിൽ മറ്റ് വഴികളില്ലെന്നും ഇവർ പറയുന്നു.
അതേസമയം പ്രശ്‌നപരിഹാരത്തിനായി ഇടതുമുന്നണിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. കേരളാ കോൺഗ്രസ് എമ്മുമായി സിപിഎം നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. സ്ഥിതിഗതികൾ ഇത്രയുമായ സ്ഥിതിക്ക് കേരളാ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനവും വൈകുകയാണ്.