പൊന്നാനിക്ക് പുറകെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കുറ്റ്യാടിയിലും സിപിഎം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി റോഡിലിറങ്ങി. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ് മാസ്റ്ററെയാണ് കുറ്റ്യാടിയിൽ നേരത്തെ പരിഗണിച്ചിരുന്നത്. കേരളാ കോൺഗ്രസിന് തിരുവമ്പാടി സീറ്റ് നൽകാനും ധാരണയായി. എന്നാൽ കാര്യങ്ങൾ പിന്നീട് മാറുകയായിരുന്നു. കാലങ്ങളായി ജയിച്ചു വരുന്ന കുറ്റ്യാടി വിട്ടുകൊടുത്തതിന് പിന്നിൽ പാർട്ടിക്കുള്ളിൽ കളികൾ നടന്നുവെന്നും പ്രവർത്തകർ ആരോപിക്കുന്നു
പ്രതിഷേധം പരിഹരിക്കുന്നതിനായി കുറ്റ്യാടിയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. എങ്കിലും പ്രവർത്തകരുടെ രോഷം ശമിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞതോടെയാണ് പരസ്യപ്രതിഷേധത്തിലേക്ക് പ്രവർത്തകർ നീങ്ങിയത്.