വയനാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ കച്ചവടം ചെയ്യാനോ കടകളില്‍ ജോലിക്ക് നില്കാനോ പാടില്ല ;ജില്ലാ കളക്ടർ

കൽപ്പറ്റ:വയനാട് ജില്ലയില്‍ കോവിഡ് -19 രോഗബാധ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങള്‍.

ജില്ലയില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കച്ചവടം ചെയ്യാനോ കടകളില്‍ ജോലിക്ക് നില്കാനോ പാടില്ല. താലുക്ക് തലത്തിലുള്ള പരിശോധനാ സ്‌ക്വാഡുകള്‍ ഇവരെ പ്രത്യേകം പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഇവരുടെ അതിജീവനത്തിനാവശ്യമായ സഹായം അതത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ ആവശ്യമെങ്കില്‍ കുടുംബശ്രീ മിഷന്‍, സാമൂഹ്യ നീതി വകുപ്പ് എന്നിവയുമായി ചേര്‍ന്ന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് നല്‍കേണ്ടതാണ്.

ജില്ലയില്‍ ടര്‍ഫുകള്‍, ഇന്‍ഡോര്‍ കളി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കളികള്‍ നിരോധിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകം പരിശോധന നടത്തേണ്ടതും നിയമലംഘനം കണ്ടാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.