സൗദിയില്‍ 20ലേറെ പേര്‍ ഒരുമിച്ച് ഒരു സ്ഥലത്ത് താമസിക്കാന്‍ പാടില്ല

ജിദ്ദ: ഒരുമിച്ച് താമസിക്കുന്നതില്‍ പുതിയ ആരോഗ്യ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഒരു മേല്‍ക്കൂരക്ക് കീഴില്‍ 20ലേറെ പേര്‍ ഒരുമിച്ച് താമസിക്കുന്നത് വിലക്കി. ചുരുങ്ങിയ ദിവസത്തേക്കാണെങ്കിലും ഇങ്ങനെ താമസിക്കാന്‍ പാടില്ല. ഇതിന് നഗര, ഗ്രാമ വ്യത്യാസങ്ങളില്ല.

ഇങ്ങനെ താമസിക്കുന്നവര്‍ ലേബര്‍ കമ്മിറ്റികള്‍ അംഗീകരിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. ഒരുമിച്ച് താമസിക്കുന്ന മേഖലകളിലും ഗവര്‍ണറേറ്റുകളിലും ആഭ്യന്തര, മുനിസിപ്പല്‍- ഗ്രാമകാര്യ, ആരോഗ്യ, മാനവവിഭവ, സാമൂഹിക വികസന, പാര്‍പ്പിട മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥിര കമ്മിറ്റികള്‍ രൂപീകരിക്കും. ഒന്നിച്ചു താമസിക്കുന്നയിടങ്ങളില്‍ ആരോഗ്യ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കമ്മിറ്റികള്‍ പരിശോധന നടത്തും.

നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. താമസ സ്ഥലം അടക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. 30 ദിവസത്തില്‍ കൂടാത്ത ജയിലും പത്ത് ലക്ഷം റിയാലില്‍ കൂടാത്ത പിഴയും ശിക്ഷയായി ലഭിക്കും. ഓരോ നിയമലംഘനത്തിനുമാണ് ഈ ശിക്ഷകള്‍.