Headlines

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; വാർത്താ സമ്മേളനം നാളെ

രാഹുൽ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാത്താസമ്മേളനം നടത്തും. നാഷണൽ മീഡിയ സെന്ററിൽ വെച്ചായിരിക്കും വാർത്താസമ്മേളനം നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ്‌കുമാർ ഉൾപ്പെടെ വാർത്ത സമ്മേളന ത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തിൽ നാളെ ബീഹാറിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഈ മാസം ഏഴിനായിരുന്നു രാഹുൽഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നുള്ള രാഹുലിന്റെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കാര്യമായ വിശദീകരണം നൽകിയിരുന്നില്ല. ‘തെറ്റിദ്ധരിപ്പിക്കുന്നത്’ എന്ന ഒറ്റവാക്കിൽ ഒതുക്കുന്നതായിരുന്നു കമ്മീഷന്റെ മറുപടി. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങളും ഉയർത്തിയിരുന്നു. സംസ്ഥാന തലങ്ങളിലായി വലിയ പ്രതിഷേധങ്ങളാണ് നടന്നിരുന്നത്.

അതേസമയം, നാളെ ബീഹാറിലെ സസറാമിൽ ആരംഭിക്കുന്ന വോട്ട് അധികാർ യാത്ര, 30 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ഈ മാസം 30ന് ആരയിൽ സമാപിക്കും.സെപ്റ്റംബർ ഒന്നിന് പട്‌നയിൽ ഇന്ത്യാസഖ്യം മെഗാ വോട്ടർ അധികാർ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , തേജസ്വി യാദവ് എന്നിവർക്കൊപ്പം ഇന്ത്യ മുന്നണിയിലെ നേതാക്കളും യാത്രയിൽ രാഹുലിനൊപ്പം അണിനിരക്കും. 15 ദിവസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭ യാത്രയാണ് ഇത്.