Headlines

കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം ഉടൻ സമീപിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം 1952 മുതൽ നിലവിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. വോട്ട് ചോരി പ്രയോഗം വോട്ടർമാരുടെ സത്യസന്ധതയ്ക്ക് നേരെ നടത്തുന്ന ആക്രമണം.

തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു. അതേ സമയം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ്ബറേലിയിലും, വയനാട്ടിലും കള്ളവോട്ട് നടന്നുവെന്ന മുന്‍ മന്ത്രി അനുരാഗ് താക്കൂറിന്‍റെ ആരോപണങ്ങളോട് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല. ഇരട്ട വോട്ടടക്കം ആരോപണങ്ങള്‍ അനുരാഗ് താക്കൂറും ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു തെളിവും കമ്മീഷന് കൈമാറില്ലെന്നും അന്വേഷിച്ച് കണ്ട് പിടിക്കട്ടെയെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട സംഘവുമായി രാഹുൽ ഗാന്ധി സംവദിക്കുന്ന വീഡിയോയും പുറത്തുവിട്ടു. ബിഹാറിൽ നിന്നുള്ള ഏഴ് പേരുടെ സംഘത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച സന്ദർശിച്ചു. ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ “മരിച്ച വോട്ടർമാർ” ആയി പ്രഖ്യാപിച്ചവർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി ചായ കുടിച്ചത്.

ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR)ത്തിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് മരിച്ചവരുടെ സംഘം ഡൽഹിയിലേക്കെത്തിയത്. ജീവിതത്തിൽ നിരവധി രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ‘മരിച്ചവരുമായി’ ചായ കുടിക്കാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയെന്നും രാഹുൽ എക്സിൽ കുറിച്ചു.