നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനം സൂപ്പർ സ്‌പ്രെഡിലേക്കെന്ന് മുഖ്യമന്ത്രി . അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ക്ലസ്റ്ററുകൾ രൂപപെട്ടു കഴിഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച 213 പേരിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആശങ്കപ്പെടേണ്ട സ്ഥിതിയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയാൻ 5 ക്ലസ്റ്റുകളായി തിരിച്ച് പ്രത്യേക പരിശോധന നടത്തും. ക്ലസ്റ്റർ ഒന്നിൽ കണ്ടെയ്ൻമെൻറ് സോണിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരാണുള്ളത്. ക്ലസ്റ്റർ രണ്ടിൽ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശ സ്വയംഭരണ മെമ്പർമാർ, വളണ്ടിയർമാർ, ഭക്ഷണ വിതരണക്കാർ, കച്ചവടക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ, ഡ്രൈവർമാർ, ഇന്ധന പമ്പ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ബാങ്ക്, ഓഫീസ് ജീവനക്കാർ എന്നിവരാണുള്ളത്. കണ്ടെയ്ൻമെൻറ് സോണിലെ ഗർഭിണികളും പ്രസവം കഴിഞ്ഞ അമ്മമാരും വയോജനങ്ങളും 10 വയസിന് താഴെയുള്ള കുട്ടികളുമാണ് ക്ലസ്റ്റർ മൂന്നിൽ. ക്ലസ്റ്റർ നാലിൽ അതിഥി തൊഴിലാളികൾക്കാണ് പരിശോധന നടത്തുത്.
ഈ നാല് ക്ലസ്റ്ററുകളിലും സിഎൽഐഎ ആൻറിബോഡി പരിശോധനയാണ് നടത്തുന്നത്. ക്ലസ്റ്റർ അഞ്ചിൽ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവർക്കാണ് പരിശോധന. റാപ്പിഡ് ആൻറിജൻ ടെസ്റ്റാണ് ഇവർക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുന്നതിനും സഹായിക്കുമെന്നാണ് സർക്കാരിൻറെ പ്രതീക്ഷ.