പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനത്തെപ്പറ്റി തനിക്കറിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിവരങ്ങൾ ഒന്നും അറിഞ്ഞില്ല. മുഖ്യമന്ത്രിയും നേതാക്കളും ചർച്ച ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ പ്രശ്നത്തിനാണ് ഇന്ന് താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത്.
കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, ഡി രാജയുമായി എംഎ ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണിൽ വിളിച്ചത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു നൽകാനുദ്ദേശിക്കുന്ന കത്തിൻ്റെ ഉള്ളടക്കവും അറിയിച്ചു കഴിഞ്ഞു.









