ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. കരാർ കമ്പനി അപകടമുണ്ടായതിന് ശേഷം ബന്ധപ്പെടുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ചികിത്സാ ചെലവ് ദേശീയപതാ അതോറിറ്റി ഏറ്റെടുത്തത്.
പരിസ്ഥിതിലോല മേഖലയിലെ ദേശീയപാത നിർമാണത്തിൽ ശാസ്ത്രീയ പരിശോധന നടത്താതെ നിർമാണവുമായി മുന്നോട്ടുപോകാൻ കരാർ കമ്പനിയെ ദേശീയപാത അതോറിറ്റി അനുവദിച്ചതാണ് അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിന് വഴിവെച്ചതെന്നാണ് ആക്ഷേപം. ദേശീയ പാത അതോറിറ്റിയുടെ അശാസ്ത്രീയമായ മണ്ണെടുപ്പ് ചൂണ്ടിക്കാട്ടി മരിച്ച ബിജു നേരത്തെ പരാതി നൽകിയിരുന്നു. മണ്ണിടിച്ചിലുണ്ടായ അടിമാലിയിലെ എട്ടുമുറി ഭാഗത്ത് പാറ തുരന്ന് പൊട്ടിച്ചുമാറ്റാനുള്ള പ്രവൃത്തികൾ തുടങ്ങിയിരുന്നു. തുടർന്നാണ് മേൽഭാഗത്തെ ബലമില്ലാത്ത മണ്ണിടിയാൻ തുടങ്ങിയത്.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് എട്ടുമുറിയിൽ നിന്ന് 22 കുടുബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ ഭക്ഷണം കഴിച്ച് ക്യാമ്പിലേക്ക് മടങ്ങാൻ വീട്ടിൽ എത്തിയ ബിജുവും ഭാര്യ സന്ധ്യയും പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്ത് എത്തിച്ചത്. ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. സന്ധ്യയെ ഉടൻതന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കാലിലെ രക്തയോട്ടം നിലച്ചതിനെത്തുടർന്ന് സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും പ്രയോജനമുണ്ടാകാത്തതിനെ തുടർന്നായിരുന്നു ഇത്. വലതുകാലിൽ പരുക്കേറ്റിരുന്നുവെങ്കിലും അത് ഭേദമായി വരുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്.








