Headlines

അടിമാലി മണ്ണിടിച്ചിൽ: പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. ഇടത് കാലാണ് മുറിച്ചുമാറ്റിയത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. അപ​കടത്തിൽ സന്ധ്യയുടെ കാലിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. കാൽ മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞെന്നും രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു.മണ്ണിടിഞ്ഞതോടെ, കോൺക്രീറ്റ് മേൽക്കൂര ഇവർക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചിരുന്നത്. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയെ വിദ​ഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജ​ഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എട്ട് മണിക്കൂറോളം അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇടതുകാലിലെ രക്തയോട്ടം പൂർവ്വസ്ഥിതിയാക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ഇടതുകാലും വലതുകാലും ചതഞ്ഞ നിലയിലായിരുന്നു ആശുപത്രിയിൽ സന്ധ്യയെ എത്തിച്ചത്. വലത് കാലിലെ രക്തയോട്ടം പൂർവ്വസ്ഥിതിയിലെത്തിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇടതുകാലിലെ പരുക്ക് ​ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സന്ധ്യ 72 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇടതുകലാൽ‌ പൂർവ്വസ്ഥിതിയിലെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് മുറിച്ചുമാറ്റിയത്.