ന്യൂഡൽഹി ∙ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുക. സമാധാന ചർച്ചകൾ ചൊവ്വാഴ്ച നടക്കും. ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിർണായകമായ കൂടിക്കാഴ്ച.
സെപ്റ്റംബർ 12,13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുൻപ് കൂടിക്കാഴ്ച നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്താനും ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാനും ഇതിലൂടെ അവസരമൊരുങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ.
ഇന്ത്യ-ചൈന അതിർത്തി തർക്കം സമഗ്രമായി പരിഹരിക്കുന്നതിനായി 2003ലാണ് പ്രത്യേക പ്രതിനിധികളുടെ ചർച്ചാ സംവിധാനം രൂപീകരിച്ചത്. ഈ സംവിധാനം വഴി തർക്കങ്ങൾക്ക് പൂർണ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ഉണ്ടാകുന്ന കടുത്ത സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇത് വളരെ ഉപയോഗപ്രദമാണെന്നാണ് ഇരുപക്ഷത്തിന്റെയും വിലയിരുത്തൽ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയാണ് ഡോവലും വാങ് യിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
അതിർത്തി തർക്കം പരിഹരിക്കാൻ ഡോവൽ: സമാധാന ചർച്ചകൾക്ക് അജിത് ഡോവൽ ചൈനയിലേക്ക്







