Headlines

‘നിശബ്ദനായ കാവൽക്കാരൻ, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി ചിത്രീകരിച്ച് പോസ്റ്ററുകൾ

ന്യൂഡൽഹി ∙ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ ബാറ്റ്മാൻ ആയി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ‘നിശബ്ദനായ കാവൽക്കാരൻ, ജാഗ്രതയുള്ള സംരക്ഷകൻ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’ എന്ന സന്ദേശമാണ് പോസ്റ്ററുകളിലുള്ളത്. സമൂഹമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി ഉപമിച്ചുള്ള ട്രെൻഡുകൾക്ക് പിന്നാലെയാണ് പോസ്റ്ററുകൾ.

ഈ മാസം ആദ്യം രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ യുവാക്കൾക്കായി ‘ആസ്ക് മീ എനിതിങ്’ എന്ന പേരിൽ ഒരു തത്സമയ ചോദ്യോത്തര സെഷൻ നടത്തിയിരുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങൾ, രാഷ്ട്രീയം, വിദ്യാഭ്യാസം, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾക്ക് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് നിങ്ങൾ ബാറ്റ്മാൻ ആണോ എന്ന് ചോദിച്ചപ്പോൾ, തന്നെയും ബാറ്റ്മാനെയും ഒരേ സമയം ഒരേ മുറിയിൽ ആരും ഇതുവരെ കണ്ടിട്ടില്ലെന്ന് മാത്രം ഞാൻ പറയാം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കൗതുകകരമായ മറുപടി. ഇതിനു പിന്നാലെ ‘ദ് ഡാർക്ക് നൈറ്റ്’ സിനിമയിലെ പശ്ചാത്തല സംഗീതത്തോടെ രാഹുൽ ഗാന്ധി മഴയത്തു നിൽക്കുന്ന വിഡിയോ കോൺഗ്രസ് ഔദ്യോഗികമായി പങ്കുവച്ചിരുന്നു.