Headlines

‘രാഹുൽ ഗാന്ധി ചതിയനും സത്യസന്ധയില്ലാത്ത നേതാവും’; രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം

 

രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം മുരശൊലി. രാഹുൽ ഗാന്ധി ചതിയനും സത്യസന്ധയില്ലാത്ത നേതാവും. രാഹുൽഗാന്ധിയ്ക്ക് രാഷ്ട്രീയ പക്വതയില്ല. ഡിഎംകെയെ ചതിച്ചാണ് കോൺഗ്രസ് ടിവികെയ്ക്ക് ഒപ്പം ചേർന്നത്. ഇത് രാഹുൽഗാന്ധിയുടെ ആശീർവാദത്തോടെ ആയിരുന്നു. ഇന്ത്യസഖ്യത്തിലെ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് ഇപ്പോഴും രാഹുൽഗാന്ധി പറയുന്നു.

 

 

ഇന്ത്യ സഖ്യം തകർത്തത് രാഹുൽ ഗാന്ധിയെന്നും മുരശൊലിയിലെ മുഖപ്രസംഗം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് ഭരണകക്ഷിയായ ടിവികെയുടെ (തമിഴക വെട്രി കഴകം) കൂടെപ്പോയ കോൺഗ്രസ്, ഇപ്പോൾ ടിവികെ തലവൻ ‘ഇന്ത്യ’ മുന്നണിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഡിഎംകെയെ സുഖിപ്പിക്കാൻ നോക്കുകയാണെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.

 

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബിഹാറിൽ ആർജെഡിയും കേരളത്തിൽ ഇടതുപക്ഷവും രാഹുലിന്‍റെ പെരുമാറ്റത്തെയും നിലപാടുകളെയും ഒരുപോലെ ശക്തമായി വിമർശിച്ചിട്ടുണ്ട്. രാജ്യത്ത് ബിജെപി വിരുദ്ധ വികാരത്തേക്കാൾ കോൺഗ്രസ് വിരുദ്ധ വികാരം മുന്നണി യോഗത്തിൽ ചർച്ചയാകാൻ കാരണം രാഹുലിന്‍റെ പക്വതയില്ലായ്മയാണ്.അടുത്തിടെ നടന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചതിനെ വൈകിവന്ന വിവേകമെന്ന് മുഖപത്രം പരിഹസിച്ചു. മുന്നണിയിലെ ഭൂരിഭാഗം കക്ഷികളും കോൺഗ്രസിനെതിരെ തിരിയുകയും ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന് മേൽ സമ്മർദ്ദം ശക്തമാകുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത്. ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യം തകർത്തത് രാഹുൽ ഗാന്ധി തന്നെയല്ലേ എന്ന് മുരശൊലി ചോദിക്കുന്നു.