വാഷിങ്ടൻ∙ ഇറാന്റെ വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കുമെന്ന് അമേരിക്കയുടെ വെല്ലുവിളി. യുഎസ് – ഇറാൻ യുദ്ധം ഏഴാം മാസത്തിലേക്കു കടക്കുമ്പോഴാണു പുതിയ ഉപരോധങ്ങളിലൂടെ ഇറാനെ തളർത്താൻ അമേരിക്ക ശ്രമിക്കുന്നത്. ഈ ആഴ്ച മുതൽ ഇറാൻ വിമാനക്കമ്പനികളുടെ രാജ്യാന്തര പറക്കൽ നിർത്തലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.
‘‘ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയൻ വിമാനക്കമ്പനികളും അടച്ചുപൂട്ടപ്പെടും’’ – ബെസെന്റ് സിഎൻബിസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, വിമാനക്കമ്പനികൾക്കു സേവനം നൽകുന്ന വിദേശ കമ്പനികൾക്കു ദ്വിതീയ ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇറാൻ വിമാനങ്ങൾക്കു സേവനം നൽകുന്ന വിമാനത്താവളങ്ങൾ, ടിക്കറ്റ് എടുത്തുനൽകുന്ന സ്ഥാപനങ്ങൾ, ഇന്ധന വിതരണക്കാർ, വിമാനക്കമ്പനികളെ വിദേശത്തു പ്രവർത്തിക്കാൻ സഹായിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയെയും യുഎസ് ലക്ഷ്യം വയ്ക്കുന്നുണ്ട്.
ഇറാൻ വിമാനങ്ങൾക്കു നേർക്കുള്ള ഉപരോധം എപ്രകാരം നടപ്പിലാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി വിശദീകരിച്ചു. ഉപരോധത്തിലൂടെ വിമാനങ്ങൾക്കു വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇന്ധനം ലഭിക്കില്ല, ലാൻഡിങ് സേവനങ്ങൾ ലഭിക്കില്ല, ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ല. ഇറാനെ സാമ്പത്തികമായി തകർക്കുക എന്ന ട്രംപിന്റെ പദ്ധതി കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ പുതിയ ഉപരോധ ഭീഷണിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.









