Headlines

സ്കൂട്ടറിൽ പോയ വിദ്യാർഥികളെ തടഞ്ഞ് ആക്രമണം; ‘ഒറ്റപ്പെട്ട സംഭവം’ പരാമർശവുമായി ബിഹാർ മന്ത്രി, വിവാദം

പട്ന∙ ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞു നിർത്തി പീഡിപ്പിച്ച കേസിൽ ബിഹാർ മന്ത്രിയുടെ വാക്കുകൾ വിവാദമായി. കോച്ചിങ് സെന്ററിലെ ക്ലാസിനുശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പൊലീസിന്റെ പിടിയിലായിരുന്നു. അതേസമയം, സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്നാണ് ബിഹാർ മന്ത്രി ശ്രാവൺ കുമാർ അഭിപ്രായപ്പെട്ടത്.‘‘ഒറ്റപ്പെട്ട സംഭവങ്ങൾ നിഷേധിക്കാനാവില്ല. ലോകത്ത് കുറ്റകൃത്യങ്ങൾ അവസാനിച്ചിട്ടില്ല’’ എന്നാണ് ബിഹാർ മന്ത്രിയുടെ പ്രതികരണം. അതേസമയം, ബിഹാർ ജംഗിൾരാജിന്റെ പിടിയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രിയുടെ പ്രതികരണത്തെ സർക്കാരിന്റെ ഭാഗമായ ജെഡിയു നേതാവ് ഉമേഷ് കുശ്വാഹയും തള്ളിയിട്ടുണ്ട്.
അതേസമയം, സ്കൂൾ കുട്ടികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ലജ്ജ തോന്നുന്നുവെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. പെൺകുട്ടികൾ രാത്രിയിൽ സ്വതന്ത്രമായി കറങ്ങുന്നുവെന്നാണു മുഖ്യമന്ത്രി പറഞ്ഞിരുന്നത്, എന്നാൽ ബിഹാറിൽ പെൺകുട്ടികൾ സുരക്ഷിതരല്ല എന്നതാണു യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.

പോക്സോ നിയമ പ്രകാരം റജിസ്റ്റർ ചെയ്ത കേസില്‍ ഇനി 4 പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസിൽ പൊലീസ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു. ജമൂയി – ലഖിസരായി റോഡിൽ ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഒരേ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണു പൊലീസ് കേസെടുത്തത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥികളെ സാമൂഹികവിരുദ്ധ സംഘം തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.