മണ്ഡല പുനര്‍ നിര്‍ണയ- വനിതാ സംവരണ ബില്ലുകള്‍ക്ക് സുപ്രധാന ഭേദഗതിയോടെ അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. ഇതോടെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ ബില്ലുകളെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക ഇന്ത്യാ സഖ്യ യോഗവും നാളെ ചേരും. (Union Cabinet approves delimitation and Women’s Reservation bills)
പാര്‍ലമെന്റില്‍ പ്രതിനിധ്യം കുറയരുത് എന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കുന്നതാണ് മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ പുതിയ ഭേദഗതി.ബില്ല് പാര്‍ലമെന്റ് പാസാക്കിയാല്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിക്കും. വര്‍ധിപ്പിക്കുന്ന സീറ്റുകള്‍ 2051 വരെ മരവിപ്പിച്ചു നിര്‍ത്തുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.നിലവില്‍ എന്‍ഡിഎയ്ക്ക് ലോക്‌സഭയില്‍ 325 എംപിമാരുടെ പിന്തുണ മാത്രമാണുള്ളത്.ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തുനിന്ന് ആരൊക്കെ ബില്ലിനെ പിന്തുണയ്ക്കും എന്നതിലാണ് ആകാംക്ഷ.തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ ബില്ലുകളെ പിന്തുണയ്ക്കുമെന്ന സൂചന യാണ് എം കെ സ്റ്റാലിന്‍ നല്‍കുന്നത്.
നിലപാടില്‍ തീരുമാനമെടുക്കാന്‍ ഡിഎംകെ ജനപ്രതിനിധികളുടെ യോഗം നാളെ ചെന്നൈയില്‍ നടക്കും.വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യവും നാളെ യോഗം വിളിച്ചിട്ടുണ്ട്.അതിനിടെ പ്രത്യേക സമ്മേളനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.മണ്ഡല പുനര്‍നിര്‍ണയം ബിജെപിയുടെ ഏറ്റവും വലിയ തെറ്റായി മാറുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു.ഞായറാഴ്ച രാവിലെ 10 മണിക്ക് മുന്‍പ് ഡല്‍ഹിയിലെത്താന്‍ മുഴുവന്‍ എംപിമാര്‍ക്കും എഐസിസി നിര്‍ദ്ദേശം നല്‍കി.









