മയക്കുവെടി വച്ചതിന് പിന്നാലെ ഡാമിലേക്കിറങ്ങി ചക്കക്കൊമ്പന്‍; ആശങ്കയുടെ മിനിറ്റുകള്‍ക്ക് ശേഷം തിരികെ കയറി

ഇടുക്കി: മയക്കുവെടി വച്ചതിന് പിന്നാലെ ആനയിറങ്കല്‍ ഡാമിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പന്‍ കാട്ടാന ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ കരയിലേക്ക് തിരികെ കയറി. മയക്കുവെടി കൊണ്ട കാട്ടാന ഡാമില്‍ നീന്തുകയും ഏതുനിമിഷം ആന മയങ്ങുമെന്ന് ദൗത്യസംഘത്തിന് മനസിലാകാതിരിക്കുകയും ചെയ്തതോടെ ആശങ്കയേറുകയായിരുന്നു. ആനയെ ദൗത്യസംഘത്തിലുള്ളവര്‍ ബോട്ടില്‍ പിന്തുടര്‍ന്നിരുന്നു. ഒടുവില്‍ ആന സ്വയം കരയിലേക്ക് കയറുകയായിരുന്നു. ( mission chakkakomban 3rd day updates)

ചക്കക്കൊമ്പന്‍ ജലാശയത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ പടക്കങ്ങളും മറ്റും പൊട്ടിച്ചുകൊണ്ട് ശ്രമിച്ചിരുന്നെങ്കിലും അത് ഫലം കാണാതെ വരികയായിരുന്നു. മയക്കുവെടി കൊണ്ട ശേഷം ചക്കക്കൊമ്പന്‍ അറുമുഖസാമിക്കാട് ഭാഗത്തേക്ക് കുതിക്കുകയും അല്‍പ സമയം ആനയിറങ്കല്‍ ഡാം പരിസരത്ത് നിലയുറപ്പിച്ച ശേഷം വെള്ളത്തിലേക്ക് ഇറങ്ങുകയുമായിരുന്നു. ആന ഇതുവരെ മയങ്ങിയിട്ടില്ലെന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. മിഷന്‍ താത്ക്കാലികമായി അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം.

ദൗത്യത്തിന്റെ ആദ്യ ദിവസം (നവംബര്‍ 25) ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂര്‍ണ്ണമായി മയങ്ങിയിരുന്നില്ല. തുടര്‍ന്ന് പ്രയോഗിച്ച ബൂസ്റ്റര്‍ ഡോസ് ആനയുടെ ശരീരത്തില്‍ കൃത്യമായി ഏല്‍ക്കാതെ പോവുകയും, കനത്ത മഴയും കോടമഞ്ഞും കാരണം അന്നത്തെ ദൗത്യം താല്‍ക്കാലികമായി ഉപേക്ഷിക്കുകയുമായിരുന്നു.നവംബര്‍ 26-ന് രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാന്‍ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വെടിവെക്കാനായില്ല.

നവംബര്‍ 27-ന് ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആന ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങിയതും, ഒപ്പം പിടിയാനയും കുഞ്ഞും എത്തിയതും ദൗത്യസംഘത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന സംഘത്തിന്റെയും സഹായത്തോടെയാണ് ദൗത്യം നടക്കുന്നത്.