മിഷന്‍ ചക്കക്കൊമ്പന്‍ മൂന്നാം ദിനവും പ്രതിസന്ധിയില്‍; ആനയെ മയക്കുവെടിവെക്കാന്‍ തീവ്രശ്രമം

ഇടുക്കി: മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍. ആനയെ മയക്കുവെടിവെക്കാന്‍ തീവ്രശ്രമം. ചക്കക്കൊമ്പന്‍ തുരുത്തില്‍ നിന്ന് 301 കോളനി ഭാഗത്തേക്ക് നീങ്ങുന്നു. 301 കോളനിയില്‍ ആനയെ എത്തിക്കാനായാല്‍ ദൗത്യത്തിന് അനുകൂലം.

മറയൂര്‍ കുടി ഭാഗത്തേക്കാണ് ആന നിലവില്‍ നീങ്ങുന്നത്. നടുത്തുരുത്തി തുരുത്ത് ഭാഗത്തുള്ള ആന് പന്നിയാര്‍ എസ്റ്റേറ്റ് ഭാഗത്തേക്ക് നീങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനായി ബോട്ടില്‍ സംഘത്തെ വിന്യസിക്കുകയും ചെയ്തു. എല്ലാ സജ്ജീകരണങ്ങളുമായി സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇതില്‍ പന്നിയാര്‍ ഭാഗത്തേക്ക് നീങ്ങിയാല്‍ വെല്ലുവിളിയാകുമെന്ന് സിസിഎഫ് ഡി.കെ. വിനോദ് കുമാര്‍ അറിയിച്ചിരുന്നു.

വിജയിച്ചില്ലെങ്കിലും ദൗത്യം ഇന്ന് അവസാനിപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ദൗത്യസംഘാംഗങ്ങള്‍ ക്ഷീണിതരെന്ന് സിസിഎഫ് ഡി കെ വിനോദ് കുമാര്‍ പറഞ്ഞു.

അതിനിടെ ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ആനയെ പ്രദേശത്ത് നിന്ന് മാറ്റേണ്ടിവരും. റേഡിയോ കോളര്‍ ഇടാന്‍ പോലും പറ്റാത്തവിധം അപകടകാരിയാണ് ആന. തലയ്ക്ക് സുഖമില്ലാത്തവരാണ് ആനയുടെ ഫാന്‍സെന്നും എം പി പറഞ്ഞു.

വനം വകുപ്പിന്റെ നടപടിക്രമങ്ങള്‍ പല രീതിയിലുണ്ട്. റേഡിയോ കോളറിടാന്‍ പോലും ആനയെ കിട്ടുന്നില്ല. അത്രയധികം വിനാശകാരിയായിട്ടുള്ള ആനയാണ്. അതിനെ പിടിച്ചുമാറ്റേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. കാട്ടാന മനുഷ്യന്‍ ജീവിക്കുന്ന സ്ഥലത്തേക്ക് വന്ന് വീടും നശിപ്പിച്ച് കൃഷിയും നശിപ്പിച്ച് ഉപജീവനം നടത്താന്‍ സാധിക്കാത്ത സാഹചര്യം വരുമ്പോള്‍ അതിനെ പിടിച്ചു മാറ്റുക എന്നതാണ് ചെയ്യേണ്ടത്. അത് ലോക നിയമമാണ്. ആനയുടെ ഫാന്‍സ് ആയിട്ടുള്ള കുറച്ച് ആളുകളുണ്ട്. അത് തലയ്ക്ക് സുഖമില്ലാത്ത കുറച്ച് ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള പരിപാടിയാണ്. അതില്‍ കാര്യമില്ല – അദ്ദേഹം പറഞ്ഞു.