Headlines

ഭാര്യമാർ തമ്മിലുള്ള വഴക്കിൽ സഹികെട്ടു; കൊന്ന് കാട്ടിൽ കുഴിച്ചിട്ട് സഹോദരങ്ങൾ, അറസ്റ്റ്

റാഞ്ചി∙ ജാർഖണ്ഡിലെ ജുമ്‍ലയിൽ ഭാര്യമാരെ കൊലപ്പെടുത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. ഭാര്യമാർ തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായതോടെ, ഇതിൽ കലിപൂണ്ടാണു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സഹു, സഹോദരൻ നവിൻ സഹു എന്നിവരാണ് ഭാര്യമാരായ മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.കൊലപാതകത്തിനുശേഷം സഹോദരങ്ങൾ രണ്ടു സ്ത്രീകളുടെയും മൃതദേഹം ആംബുലൻസിൽ തൊട്ടടുത്തുള്ള സിംദേഗ ജില്ലയിലെ വനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. തങ്ങളെ അറിയിക്കാതെ ഭാര്യമാർ വീടുവിട്ടു പോയി എന്നാണ് സഹോദരങ്ങൾ ആദ്യം പറഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചതെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ യുവതികളുടെ മൃതദേഹം കണ്ടെത്തുകയും തുടർ പരിശോധനകൾക്കായി അയയ്ക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.

യുവതികൾ തമ്മിലുള്ള തർക്കത്തിൽ സഹോദരന്മാർ പ്രകോപിതരായിരുന്നുവെന്നും എന്നാൽ കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുൻപ് ഇരുവരും പ്രശ്നങ്ങൾ പറഞ്ഞുതീർത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തിയും മൃതശരീരങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പ്രതികളുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.