ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല ആരംഭിക്കുന്നതെന്നും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ചേർക്കുമെന്നും റെസായി പറഞ്ഞു.
അതിനിടെ, ഹോർമുസിലെ കപ്പൽച്ചാലിന്റെ കാര്യത്തിൽ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയിൽ ഒപ്പുവെക്കുമെന്നും റെസായി കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങൾക്ക് അതിവേഗം ശക്തവും കൂടുതൽ വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ഇന്നലെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെ, ആറു കപ്പലുകൾ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ലക്ഷ്യം വച്ചിരുന്നു. അമേരിക്കയുടെ മൂന്നു കപ്പലുകൾ ഉൾപ്പടെ ഹോർമുസ് കടലിടുക്കിൽ ബദൽ ജലപാത ഉപയോഗിച്ച മൂന്നു എണ്ണക്കപ്പലുകൾക്കു നേരെയാണ് ഇറാന്റെ ആക്രമണം.കഴിഞ്ഞദിവസം ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണം യുദ്ധക്കുറ്റമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. നാവിക ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം നടത്തിയിരുന്ന രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്കു നേരെ ഇന്നലെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം. ഇറാനെതിരെയുള്ള നാവിക ഉപരോധം തുടർന്നാൽ യുഎസ് സൈനിക കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
ഇറാന്റെ എണ്ണക്കപ്പലായ കൈലോ ഒമാൻ ഉൾക്കടലിൽ മുങ്ങുന്ന ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് എക്‌സിൽ പങ്കുവച്ചു. അമേരിക്കൻ പടക്കപ്പലുകൾക്കുനേരെയുള്ള ഇറാന്റെ ആക്രമണം നിലനിൽപിന്റെ ഭാഗമാണെന്നും അമേരിക്കയുടെ നാവികഉപരോധം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഹസൻ ഗാഷ്ഗാവി പറഞ്ഞു. ഇസ്രയേലി സൈനികർക്കു നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് തെക്കൻ ലെബനോണിലേക്ക് ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്.









