തൃശൂർ; ഡിവൈഎഫ്ഐ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. എം വിജിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചിന്ത ജെറോം ആയിരിക്കും പ്രസിഡന്റ്. ആർ രാഹുലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ.
തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്.
അതേസമയം DYFI സംസ്ഥാന സമ്മേളനത്തിൽ ഇന്നും വിമർശനം തുടർന്ന് പ്രതിനിധികൾ രംഗത്തെത്തി. ഡിവൈഎഫ്ഐക്കുള്ളിൽ വിഭാഗീയത ശക്തം. സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നു. നേതാക്കൾ തന്നെ വാർത്ത ചോർക്കുന്നു. സംഘടനയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നേതാക്കൾ തന്നെ ചോർത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കുന്ന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്ക് ചോർത്തുന്ന സമീപനം.
സമരസംഘടനയായി മാറണം. സമരസംഘടന എന്നതിനപ്പുറത്തേക്ക് പാലിയേറ്റീവ് കെയർ സംവിധാനമായി സംഘടന മാറുന്നു. പുതിയ നേതൃത്വത്തെ വളർത്താനും നിലനിർത്താനും ഡിവൈഎഫ്ഐക്ക് ആകുന്നില്ല. പുതിയ കേഡർമാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം സംഘടനയ്ക്ക് ഉണ്ട്. ജനകീയരായി മാറാൻ ഡിവൈഎഫ്ഐ നേതാക്കൾക്ക് കഴിയുന്നില്ല.
ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ആകുന്നില്ല. ജില്ല കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം പേരിനുമാത്രം. സ്ത്രീപക്ഷ നിലപാടുകളും സർഗാത്മക പ്രവർത്തനങ്ങളും പ്രോത്സാഹിക്കപ്പെടണം. തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തനം ശക്തമാക്കി യുവത്വത്തെ ആകർഷിക്കണം. എൽ ജി ബി ടി ക്യു പ്രശ്നങ്ങളിൽ ഏറ്റെടുക്കുകയും ആ വിഭാഗത്തെ സംഘടനയിലേക്ക് എത്തിക്കുകയും വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.







