ചിന്ത ജെറോം, ജോൺ ബ്രിട്ടാസ്, വി പി സാനു തുടങ്ങിയവർ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ

 

സിപിഎമ്മിന് 89 അംഗ സംസ്ഥാന കമ്മിറ്റി. കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായും എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ജോൺ ബ്രിട്ടാസ്, ചിന്ത ജെറോം ഉൾപ്പെടെ നിരവധി പേർ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളാണ്

എകെജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് നേരിട്ടാണ് രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് സംസ്ഥാന സമിതിയിൽ എത്തുന്നത്. ക്ഷണിതാവ് ആയിട്ടാണ് ബ്രിട്ടാസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

കർഷക സംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സിപിഎം ജില്ലാ സെക്രട്ടറിമാരായ എ വി റസൽ, ഇ എൻ സുരേഷ് ബാബു, സി വി വർഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തി.

17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. എട്ട് പുതുമുഖങ്ങളെ അടക്കമാണ് സംസ്ഥാന സെക്രട്ടേറിയറ്റിനെ തീരുമാനിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും, എം സ്വരാജ്, പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, പി കെ ബിജു, കെ കെ ജയചന്ദ്രൻ എന്നിവരുമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവർ നിലവിൽ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്