സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പുതിയ സംസ്ഥാന കമ്മിറ്റിയാണ് കോടിയേരിയെ സെക്രട്ടറിയായി തീരുമാനിച്ചത്. സെക്രട്ടറി പദത്തിൽ കോടിയേരിക്ക് ഇത് മൂന്നാമൂഴമാണ്. എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
തലമുറ മാറ്റമാണ് സിപിഎമ്മിൽ സംഭവിക്കുന്നത്. നേതൃനിരയിലേക്ക് പുതുമുഖങ്ങൾ കടന്നുവന്നു. യുവജനങ്ങൾക്കും വലിയ പരിഗണന നൽകിയാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് 13 പേരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പുതിയ സംസ്ഥാന കമ്മിറ്റിയിൽ 16 അംഗങ്ങൾ പുതുമുഖങ്ങളാണ്. ജോൺ ബ്രിട്ടാസ് സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാകും. പി ശശി, ചിന്ത ജെറോം, വി പി സാനു, ആർ ബിന്ദു തുടങ്ങിയവരും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ടു.
17 അംഗ സെക്രട്ടേറിയറ്റിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഇതിൽ എട്ട് പേർ പുതുമുഖങ്ങളാണ്. എം സ്വരാജ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ, വി എൻ വാസവൻ, പി കെ ബിജു, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.
ജി സുധാകരൻ, വൈക്കം വിശ്വൻ, പി പി വാസുദേവൻ, കെ പി സഹദേദവൻ, കോലിയാക്കാട് കൃഷ്ണൻ നായർ, സി പി നാരായണൻ, കെ വി രാമകൃഷ്ണൻ, പി കരുണാകരൻ, കെ ജെ തോമസ് തുടങ്ങിയവരെയാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. വി എസ് അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എംഎം മണി എന്നിവരെ പ്രത്യേക ക്ഷണിതാക്കളാക്കിയിട്ടുണ്ട്.