Headlines

വിമാനത്തിലുണ്ടായ സംഭവം ഭീകരാക്രമണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്; ഇന്ത്യൻ പൈലറ്റിന് അഭിനന്ദനം

അബുദാബി∙ ടെൽ അവീവിലേക്കു പോയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ ഭീകരാക്രമണശ്രമമെന്നു വിശേഷിപ്പിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷാണ് കോക്ക്പിറ്റ് ആക്രമണത്തെ ‘അപകടകരമായ ഭീകര പ്രവൃത്തി’ എന്നു വിശേഷിപ്പിച്ചത്. ആക്രമണം തടഞ്ഞതിൽ അസാമാന്യ ധൈര്യം കാട്ടിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ എക്‌സില്‍ പങ്കിട്ട പോസ്റ്റിൽ ഗർഗാഷ് അഭിനന്ദിച്ചു.‘‘ഫ്ലൈദുബായിലെ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാർ അഭിനന്ദനങ്ങള്‍ അർഹിക്കുന്നു, അപകടകരമായ ഒരു ഭീകര പ്രവർത്തനത്തെയും സാധ്യമായ ദുരന്തത്തെയും നേരിടുമ്പോൾ ധൈര്യവും ഉത്തരവാദിത്തവും യഥാർഥ അർഥത്തിൽ അദ്ദേഹം പ്രകടിപ്പിച്ചു’’ – പോസ്റ്റിൽ ഗർഗാഷ് പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ചയാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം അപകടത്തിൽപെടുത്താൻ സഹപൈലറ്റ് ശ്രമിച്ചത്. ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനു പരുക്കേൽക്കുകയും ചെയ്തിരുന്നു.