അബുദാബി∙ ഓണവും പൂക്കളവും സാധാരണ മലയാളി മനസ്സിന്റെ മാത്രം ഓർമച്ചെപ്പുകളിലെ ചിത്രങ്ങളാണ്. എന്നാൽ തലസ്ഥാനത്തെ ബുർജീൽ മെഡിക്കൽ സിറ്റിയിലെ വിശാലമായ മുറ്റത്ത് ഒരുങ്ങിയ ആ കൂറ്റൻ പൂക്കളത്തിന് മുന്നിൽ നിന്നാൽ ഏതൊരു സഞ്ചാരിയും ഒന്നു അദ്ഭുതപ്പെടും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 35 ഓളം രാജ്യക്കാരായ ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ഒന്നിച്ചുചേർന്ന്, 20 മണിക്കൂർ നീണ്ട തീവ്രപരിശ്രമത്തിലൂടെയാണ് 250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ അദ്ഭുതക്കാഴ്ച തീർത്തത്.
കേവലം ഒരു പൂക്കളമെന്നതിനപ്പുറം പ്രതിസന്ധികളെ നേരിട്ട് മുന്നേറുന്ന യുഎഇ എന്ന രാജ്യത്തിന്റെ കരുത്തിനും ഭരണാധികാരിക്കുമുള്ള അപൂർവമായൊരു സ്നേഹാദരവായിരുന്നു ഈ വിസ്മയക്കാഴ്ച. നെഞ്ചിൽ കൈവച്ച് രാജ്യത്തെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വലിയ ചിത്രമാണ് പൂത്തറയിൽ ഏറ്റവും മനോഹരമായി തെളിഞ്ഞുനിന്നത്.
∙ ഒട്ടകത്തിൽ തുടങ്ങി ഇത്തിഹാദ് റെയിൽ വരെ
യുഎഇ ശക്തവും കരുത്തുറ്റതുമാണ്, പ്രതിസന്ധികളെ അതിജീവിച്ച് രാജ്യം കൂടുതൽ കരുത്തോടെ ഉയർന്നുവരും എന്ന യുഎഇ പ്രസിഡന്റിന്റെ വാക്കുകളാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് സംഘാടകർ പറയുന്നു. മരുഭൂമിയിലെ പരമ്പരാഗത ഒട്ടകയാത്രയിൽ തുടങ്ങി അത്യാധുനിക ഇത്തിഹാദ് റെയിലിൽ എത്തിനിൽക്കുന്ന എമിറേറ്റുകളുടെ വികസന വിസ്മയം മുഴുവൻ ഈ പൂക്കളത്തിൽ പൂവുകൾ കൊണ്ട് വരച്ചിട്ടിട്ടുണ്ടായിരുന്നു.
ബുർജീൽ മെഡിക്കൽ സിറ്റിയിലെ മലയാളി നഴ്സുമാരുടെയും അഡ്മിൻ ജീവനക്കാരുടെയും മനസ്സിൽ വിരിഞ്ഞ ആശയത്തിന് ഒപ്പം നിൽക്കാൻ വിദേശികളായ സഹപ്രവർത്തകർ കൂടി എത്തിയതോടെ ആഘോഷം ഒരു രാജ്യാന്തര സംഗമമായി മാറി. ആശുപത്രിക്കുള്ളിലെ സാൻഡ് പെൻഡുലത്തിന് ചുറ്റും ഒരുക്കിയ പൂക്കളത്തിന് അരികിലായി പരമ്പരാഗത വേഷമണിഞ്ഞ് വിവിധ രാജ്യക്കാർ തിരുവാതിരയും ഓണക്കളികളുമായി ഒന്നിച്ചുചേർന്നതും കൗതുകക്കാഴ്ചയായി.
നേതൃത്വത്തോടുള്ള ജനങ്ങളുടെ അഗാധമായ വിശ്വാസമാണ് ഈ പൂക്കളത്തിലൂടെ തെളിയുന്നതെന്ന് ബുർജീൽ മെഡിക്കൽ സിറ്റി അസിസ്റ്റന്റ് നഴ്സിങ് ഡയറക്ടർ അമീറ അൽ കത്തേരിയും സിഇഒ ഡോ. മുജ്തബ അലി ഖാനും പറഞ്ഞു. അന്യനാട്ടിലും സ്വന്തം സംസ്കാരം പങ്കുവച്ച് ഏവരെയും ഒന്നിച്ചുനിർത്താൻ ഓണത്തിന് സാധിക്കുമെന്ന് തെളിയിക്കുക കൂടിയാണ് ഈ സുന്ദര ചിത്രം.







