NI Indian Nurses Forum അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ആചരിച്ചു

 

NI Indian Nurses Forum സംഘടിപ്പിച്ച 4-ാമത് അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ബെൽഫാസ്റ്റിലെ സെന്റ് ആൻസ് ഹാളിൽ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള നഴ്‌സുമാരുടെ പങ്കാളിത്തത്തോടെ പ്രൗഢഗംഭീരമായി നടന്നു. വിളക്ക് തെളിയിക്കൽ ചടങ്ങോടെയാണ് പരിപാടികൾ ആരംഭിച്ചത്. നോർത്ത് ബെൽഫാസ്റ്റ് എംഎൽഎ ആയ ബ്രയാൻ കിംഗ്സ്റ്റൺ , ഇന്ത്യൻ കോൺസുലാർ ജനറൽ വിവിഎസ് രാമകൃഷ്ണ, NIPEC ചീഫ് എക്സിക്യൂട്ടീവ് ലിൻഡ കെല്ലി, എൻഐ ഇന്ത്യൻ നഴ്‌സസ് ഫോറം സ്ഥാപകനും നഴ്സ് പ്രാക്ടീഷണർ കൂടിയായ ബിജി ജോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഉദ്ഘാടനവും അതിഥികളുടെ പ്രസംഗങ്ങളും ചടങ്ങിന് കൂടുതൽ ഭംഗി നൽകി.

 

 

“Empowered Nurses Save Lives” എന്ന വിഷയത്തെ ആസ്പദമാക്കി ബിജി ജോസ് നഴ്‌സുമാരുടെ അവകാശങ്ങൾ, ഭാവി, സമൂഹത്തിലെ അവരുടെ വിലപ്പെട്ട സേവനം എന്നിവയെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. ഫോറത്തിന്റെ വളർച്ചക്കും നഴ്‌സുമാരുടെ ഐക്യത്തിനുമായി കമ്മിറ്റിയംഗങ്ങൾ എടുത്ത പ്രവർത്തനങ്ങൾ പ്രത്യേകം പ്രശംസിക്കപ്പെട്ടു. ലയ ആൻഡ്‌ ടീം സ്റ്റേജ് പരിപാടികൾ മനോഹരമായി നിയന്ത്രിച്ചപ്പോൾ, ഷോൺവിയുടെ നന്ദിപ്രകാശനത്തോടെ ഔദ്യോഗിക പരിപാടികൾ സമാപിച്ചു.

 

 

 

ഈ വർഷത്തെ Inspirational Nurse Award ആഷാ ജോയിക്ക് സമ്മാനിച്ചു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി ഗുരുതരാവസ്ഥയിൽ ആയിരുന്ന ഒരു രോഗിക്ക് സിപിആർ നൽകി ജീവൻ രക്ഷിച്ചതിനും അനുകമ്പയോടുകൂടിയുള്ള പരിചരണത്തിനും Nursing Decision Making നും ഉള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം നൽകിയത്. സദസ്സിന്റെ കരഘോഷത്തോടെയാണ് ആഷയെയും മക്കളെയും വേദിയിലേക്ക് ആനയിച്ച് ട്രോഫിയും സമ്മാനവും നൽകി ആദരിച്ചത്.

 

കോവിഡ് മഹാമാരിക്കാലത്ത് പുതിയതായി എത്തിയ നഴ്‌സുമാർക്കും സീനിയർ കെയർ അസിസ്റ്റൻ്റുകൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനായി ബിജി ജോസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായ്മയാണ് NI Indian Nurses Forum. GP Registration, Emergency Medicines, Food, Transport , professional help തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സഹായങ്ങളിലൂടെ തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് നോർതേൺ അയർലണ്ടിലെ ഇന്ത്യൻ നഴ്‌സുമാരുടെ ശക്തമായ സംഘടനയായി വളർന്നു.

 

നഴ്‌സുമാരുടെ കലാപരിപാടികൾ, career speeches, ഗാനാലാപനം നൃത്തപരിപാടികൾ രുചികരമായ ഭക്ഷണവും ആഘോഷത്തിന് നിറം പകർന്നു. Unison, Macklin Group, Organ Donation ടീമുകളുടെ പ്രത്യേക സ്റ്റാളുകളും ശ്രദ്ധേയമായി. ഇന്ത്യയിൽ നിന്ന് പുതുതായി എത്തിയ നഴ്‌സുമാർ, carers, students, Syrian refugees എന്നിവർക്കുൾപ്പെടെ മാനസിക പിന്തുണയും സഹായങ്ങളും നൽകുന്ന സാമൂഹിക പ്രവർത്തനങ്ങളെ മാനിച്ച് ബിജി ജോസിനെയും വിശിഷ്ടാതിഥികളെയും പൊന്നാടയും മെമെന്റോകളും നൽകി ആദരിച്ചു.

 

ജാതി-മതഭേദമന്യേ “Nurse” എന്ന ഒരേയൊരു ആത്മാവിൽ ഒന്നിച്ചുകൂടിയ നഴ്‌സുമാരുടെ ഐക്യത്തിന്റെയും സേവനത്തിന്റെയും അഭിമാന നിമിഷമായി ഈ ആഘോഷം മാറി. പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് പരിപാടിയെ വൻ വിജയമാക്കിയത്. സന്തോഷവും സൗഹൃദവും നിറഞ്ഞ ഓർമ്മകളോടെ അടുത്ത കൂട്ടായ്മ ഉടൻ സംഘടിപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് കമ്മറ്റി അംഗങ്ങളും ഗ്രൂപ്പ് മെമ്പേഴ്സും മറ്റ് സംഘാടകരും മടങ്ങിയത്.