വിമാനം വൈകി, ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി; ഐപിഎൽ ഫൈനലിനു തലേന്ന് യാത്ര ചെയ്യേണ്ടി വന്ന ആദ്യ ടീം

 

അഹമ്മദാബാദ് ∙ ഐപിഎൽ ഫൈനലിന് ഇറങ്ങും മുൻപേ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി. വടക്കേ ഇന്ത്യയിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം ന്യൂ ചണ്ഡീഗഢിൽ നിന്നുള്ള വിമാന സർവീസുകൾ വൈകിയതോടെ ശനിയാഴ്ച രാത്രി വൈകിയാണ് ഗുജറാത്ത് ടീമിന് അഹമ്മദാബാദിൽ എത്താനായത്. ഇതോടെ ഫൈനലിന് മുന്നോടിയായി ടീമിന് ഒരുങ്ങാന്‍ 24 മണിക്കൂറില്‍ താഴെ സമയം മാത്രമേ ലഭിക്കൂ.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാര്‍ട്ടേഡ് വിമാനത്തിലാണ് എലിമിനേറ്റർ മത്സരം നടന്ന ന്യൂ ചണ്ഡീഗഡില്‍ നിന്നു ഗുജറാത്ത് ടീമിന്‍റെ യാത്ര ക്രമീകരിച്ചിരുന്നത്. പക്ഷേ മോശം കാലാവസ്ഥയെ തുടര്‍ന്ന് ടീം സഞ്ചരിക്കേണ്ട വിമാനത്തിന് യാത്രാനുമതി ലഭിച്ചില്ല. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ടീം അഹമ്മദാബാദിലെത്തിയത്. ധരംശാലയിൽ നടന്ന ഒന്നാം ക്വാളിഫയറില്‍ ജയിച്ച് നേരിട്ട് ഫൈനലിലെത്തിയ ആര്‍സിബി ബുധനാഴ്ച തന്നെ അഹമ്മദാബാദിലെത്തി മതിയായ വിശ്രമം നേടി. നേരത്തെ എത്തിയ ആര്‍സിബിക്ക് രണ്ട് ട്രെയിനിങ് സെഷനുകള്‍ ലഭിച്ചു.മുൻപു രണ്ടു വേദികളിലായി നടത്തിയിരുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ഇത്തവണ മൂന്നു വേദികളിലാണ് ബിസിസിഐ ക്രമീകരിച്ചത്. ആദ്യ ക്വാളിഫയര്‍ ധരംശാലയിലും എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ന്യൂ ചണ്ഡീഗഡിലുമാണ് നടന്നത്. ഫൈനൽ അഹമ്മദാബാദിലും. സാധാരണഗതിയിൽ രണ്ടാം ക്വാളിഫയറും ഫൈനലും ഒരേ വേദിയിലാണ്. അതിനാൽ രണ്ടാം ക്വാളിഫയർ ജയിച്ച് ഫൈനലിൽ കയറുന്ന ടീമിന് പിന്നീട് യാത്ര ചെയ്യേണ്ടി വരുകയുമില്ല. ഇത്തവണ, ആദ്യമായാണ് ഒരു ടീമിന് ഫൈനൽ മത്സരത്തിന്റെ തൊട്ടുമുൻപത്തെ ദിവസം കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നത്.

 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നാലാം ഐപിഎൽ ഫൈനലിനാണ് ഒരുങ്ങുന്നത്. 2022, 2023, 2025 സീസണുകളിലാണ് ഇതിനു മുൻപ് ഇവിടെ ഫൈനൽ അരങ്ങേറിയത്. 2024ൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ. ഈ വർഷം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ഫൈനൽ പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റിയത്. അനുവദിച്ച ക്വോട്ടയ്ക്കു പുറമേ 10,057 കോംപ്ലിമെന്ററി ടിക്കറ്റുകൾകൂടി കർണാടക ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടതു കൊണ്ടാണ് ഐപിഎൽ‍ ഫൈനൽ വേദി ബെംഗളൂരുവിൽനിന്ന് അഹമ്മദാബാദിലേക്കു മാറ്റേണ്ടി വന്നതെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ വ്യക്തമാക്കിയിരുന്നു.നിലവില്‍ അഹമ്മദാബാദിലെ കാലാവസ്ഥ അനുകൂലമാണ്. അഞ്ച് ശതമാനം മാത്രമാണ് മഴയ്ക്കു സാധ്യത. 2023ല്‍ അഹമ്മദാബാദില്‍ നടന്ന ചെന്നൈ സൂപ്പർ കിങ്സ്– ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലാണ് നടത്തിയത്. രണ്ടാം ദിവസവും മഴ വില്ലനായതോടെ രണ്ടു മണിക്കൂര്‍ അധികം അനുവദിക്കുകയായിരുന്നു. ഫലത്തില്‍ മൂന്നാം ദിനം പുല‍ര്‍ച്ചെയാണ് അന്ന് മത്സരം പൂര്‍ത്തിയാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സാണ് അന്നു കിരീടം നേടിയത്. 2022ൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ഇതേ വേദിയിൽ ഗുജറാത്ത് ആദ്യ കിരീടം നേടിയത്.