ഈ വർഷത്തെ ഐപിഎൽ പ്ലേഓഫുകൾ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്.
1,32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ഇത്. അഞ്ച് വലിയ ഡ്രസിംഗ് റൂമുകളും ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ, പ്ലേഓഫിലെത്തുന്ന നാല് ടീമുകൾക്കും ബയോ ബബിൾ സുരക്ഷ ഒരുക്കാൻ ഇത് സഹായിക്കും. മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട് വന്നിരുന്നു.
മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഐപിഎൽ നടത്താൻ കഴിഞ്ഞേക്കില്ലെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചോളം വേദികളിലായി ഐപിഎൽ നടത്താമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നത്.
മുംബൈയിൽ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടിൽ, റിലയൻസ് സ്റ്റേഡിയം എന്നീ വേദികളിലായി ഐപിഎൽ നടത്താമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. ബയോ ബബിൾ സൗകര്യം ഒരുക്കാൻ ഇതാണ് സൗകര്യമെന്നായിരുന്നു ബിസിസിഐയുടെ കണക്കുകൂട്ടൽ. എന്നാൽ, മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുകയായിരുന്നു.
രാജ്യത്തെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഐപിഎൽ നടത്തിയത് യുഎഇയിൽ വച്ചായിരുന്നു. ഇക്കൊല്ലം ഇന്ത്യയിൽ വച്ച് തന്നെ ഐപിഎൽ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചത്.