പറന്നുയരുന്ന ഫാൽക്കൺ: ദുബായ് എക്‌സ്‌പോയിൽ അത്ഭുതക്കാഴ്ച്ചയൊരുക്കി യുഎഇ പവലിയൻ

 

ദുബായ്: ദുബായ് എക്‌സ്‌പോയിൽ അത്ഭുത കാഴ്ച്ചകൾ ഒരുക്കി യുഎഇ പവലിയൻ. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായാണ് യുഎഇ പവലിയൻ നിർമിച്ചിരിക്കുന്നത്. യുഎഇയുടെ ദേശീയപക്ഷിയായ ഫാൽക്കൺ പറന്നുയരുന്ന മാതൃകയിലാണ് പവലയിന്റെ നിർമ്മാണം

സ്‌പെയിൻ സ്വദേശി സാന്റിയാഗോ കലത്രാവയാണു യുഎഇ പവലിയന്റെ വാസ്തുശിൽപി. കാർബൺ ഫൈബർ കൊണ്ട് നിർമിച്ചിരിക്കുന്ന ചിറകുകൾ മൂന്നു മിനിറ്റു കൊണ്ട് വിടരും. ഇവയിൽ സോളർ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും പവലിയനിലുണ്ട്. താഴെ നിന്നു നോക്കുന്നവർക്കു മേൽക്കൂരയിൽ എക്‌സ്‌പോ ചിഹ്നം കാണാൻ കഴിയുമെന്നതാണ് പവലിയന്റെ മറ്റൊരു പ്രത്യേകത.

യുഎഇയുടെ ഏഴ് എമിറേറ്റുകളിൽ നിന്നു കൊണ്ടു വന്ന മണൽ ഉപയോഗിച്ച് പവലിയന്റെ ഭൂഗർഭ നിലയിൽ മരുഭൂമി പുനർനിർമ്മിച്ചിട്ടുണ്ട്. യുഎഇ രൂപീകരണം മുതലുള്ള ചരിത്രം പ്രൊജക്ടർ ഉപയോഗിച്ച് മണൽക്കൂനയിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

യുഎഇ പൈതൃകം, വിവിധ സംസ്‌കാരങ്ങൾ, വിവിധ രംഗങ്ങളിൽ നേടിയ വളർച്ച, അടുത്ത അൻപതു കൊല്ലം കൊണ്ട് നിർമിത ബുദ്ധി ഉൾപ്പെടെയുള്ള മേഖലയിൽ നേടാൻ ലക്ഷ്യമിടുന്ന വികസനം എന്നിവയും കാണാൻ കഴിയും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സ്‌പോ വേദിയിലെ യുഎഇ പവലിയൻ സന്ദർശിച്ചിരുന്നു.