കനേഡിയന്‍ ആശുപത്രികളില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നത് മൂലം നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുകയാണ്. ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. അവസരം നല്‍കിയാല്‍ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തിലെ സമ്മര്‍ദം കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇവര്‍ വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്ത് പരിചയസമ്പത്തുണ്ടായിട്ടും കാനഡയിലെ ദൈര്‍ഘ്യമേറിയ സര്‍ട്ടിഫിക്കേശന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നിരവധി നഴ്‌സുമാരാണ് ആരോഗ്യ മേഖലയ്ക്ക് പുറത്ത് നില്‍ക്കുന്നത്. അതേസമയം ഒന്റാരിയോയിലെ ചില അന്താരാഷ്ട്ര പരിശീലനം നേടിയ നഴ്‌സുമാര്‍ക്ക് കോവിഡ് സന്തോഷവാര്‍ത്ത നല്‍കുകയാണ്.
ഇത്തരത്തിലുള്ള 1200 നഴ്‌സുമാരെ ഹോസ്പിറ്റലുകളും, ലോംഗ് ടേം കെയര്‍ ഹോമുകളുമായി ബന്ധിപ്പിച്ച് അടിയന്തരമായുള്ള ജീവനക്കാരുടെ ക്ഷാമത്തിന് പരിഹാരം കാണുമെന്നാണ് ഒന്റാരിയോ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷവും ഇമിഗ്രേഷന്‍ നടപടികളിലെ കാലതാമസം മൂലം നിരവധി നഴ്‌സുമാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ കഴിയാതെ പോകുന്നുണ്ട്.
ഇതോടെ നിരവധി നഴ്‌സുമാര്‍ക്കാണ് കൈയിലുള്ള സമ്പാദ്യം കൊണ്ട് ജീവിക്കേണ്ട അവസ്ഥയുള്ളത്. നഴ്‌സുമാരുടെ ക്ഷാമം മഹാമാരിക്ക് മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ ഒമ്‌ക്രോണ്‍ വേരിയന്റ് നഴ്‌സുമാര്‍ക്കിടയില്‍ വ്യാപിച്ചതോടെ ഇവര്‍ ഐസൊലേഷനിലാകുകയും, ജോലിക്ക് എത്താന്‍ കഴിയാത്ത സാഹചര്യം രൂപപ്പെടുകയുമാണ് ഉണ്ടായത്. ഇതിന് പുറമെ ആശുപത്രി, ഐസിയു അഡ്മിഷനും ഉയര്‍ന്നത് ഹെല്‍ത്ത് കെയര്‍ മേഖലയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് നയിച്ചു.