ഒമിക്രോണ്‍; കുട്ടികളിലെ അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

 

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചുകുട്ടികളില്‍ അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വാക്‌സിന്‍ എടുക്കാത്ത കുട്ടികളെയാണ് ഒമിക്രോണ്‍ കൂടുതലായി ബാധിക്കുക.

വരും മാസങ്ങളില്‍ ഈ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. ഇതുമുന്നില്‍കണ്ട് രാജ്യങ്ങളെല്ലാം തന്നെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ക്യാംപെയ്ന്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. യു.എ.ഇയില്‍ മൂന്ന് വയസ്സിനു മുകളിലുള്ളവര്‍ക്കു സിനോഫാം നല്‍കുന്നുണ്ട്. 5-11 വയസ്സുകാര്‍ക്ക് ഫൈസര്‍ അംഗീകരിച്ചെങ്കിലും ഇതുവരെ നല്‍കിത്തുടങ്ങിയിട്ടില്ല. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഫൈസര്‍ ലഭ്യമാണ്.

മുതിര്‍ന്നവരില്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ അത്ര മാരകമല്ല ഒമിക്രോണ്‍ എങ്കിലും കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികള്‍ കൂടുതല്‍ സമയം വീടിനുള്ളില്‍ കഴിയുന്നതും അവരുടെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നതിന് കാരണമാകാം.