ന്യൂഡല്‍ഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുളളവര്‍ക്കും പ്രതിരോധ വാക്‌സിന്റെ ബൂസറ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം (ഐ.എന്‍.എസ്.എ.സി.ഒ.ജി.).
കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ.സി.ഒ.ജി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഐ.എന്‍.എസ.എ.സി.ഒ.ജി.യുടെ ശുപാര്‍ശ. രാജ്യത്ത് ഇതുവരെ രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്.
ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് നല്‍കുക, നാല്‍പ്പതു വയസ്സിനു അതിനു മുകളില്‍ പ്രായമുളളവര്‍ക്കും ബൂസറ്റര്‍ ഡോസ് നല്‍കുക എന്നീ ശുപാര്‍ശകളാണ് സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടുളളത്. രോഗം ഗുരുതരമാകുന്നത് തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്‌സിനുകളില്‍നിന്നുളള, കുറഞ്ഞ അളവിലുളള ന്യൂട്രലൈസിങ് ആന്റിബോഡികള്‍ക്ക് ഒമിക്രോണിനെ നേരിടാന്‍ സാധിച്ചേക്കില്ല.
കൂടാതെ ഒമിക്രോണ്‍ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സര്‍വൈലന്‍സ് നിര്‍ണായകമാണെന്നും കണ്‍സോര്‍ഷ്യം പറഞ്ഞു. ഒമിക്രോണ്‍ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്നും അവിടേക്കുളളമുളള യാത്രകള്‍, ഒമിക്രോണ്‍ ബാധിത മേഖലകളുമായി ബന്ധമുളള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പര്‍ക്കപ്പട്ടികയിലുളളവരെ കണ്ടെത്താനും കണ്‍സോര്‍ഷ്യം നിര്‍ദേശം നല്‍കി. പരിശോധന കൂടുതല്‍ ശക്തിപ്പെടുത്താനും കണ്‍സോര്‍ഷ്യം പ്രതിവാര ബുളളറ്റിനില്‍ വ്യക്തമാക്കുകയുണ്ടായി.