കോവിഷീല്‍ഡിനും കോവാക്സിനും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും: ആന്റിബോഡി കുത്തനെ കുറയുന്നുവെന്ന് റിപ്പോർട്ട്

 

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിച്ച് നാലു മാസം കഴിയുമ്പോള്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവില്‍ കുറവ് സംഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആന്റിബോഡിയുടെ അളവ് കുറയുന്നത് തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുകയോ, വാക്സിന്‍ നവീകരിക്കുകയോ ചെയ്യണമെന്ന് പഠനറിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരെയാണ് പഠന വിധേയരാക്കിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. 614 പേരില്‍ 308 പേര്‍ കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. കോവിഷീല്‍ഡിനെ അപേക്ഷിച്ച് കോവാക്സിന്‍ കൂടുതല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഉചിതമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.