ചെന്നൈ: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് 77 ശതമാനം സംരക്ഷണം നല്‍കുമെന്ന് പഠനം. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിലാണിത് വ്യക്തമാക്കുന്നത്. ഒറ്റ ഡോസ് വാക്സിന്‍ പോലും രോഗം മൂര്‍ച്ഛിക്കുന്നതില്‍നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കിയെന്നും പഠനം കണ്ടെത്തി. വാക്സിന്‍ സുരക്ഷിതമാണെന്ന് പഠനം കണ്ടെത്തിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ബീറ്റ (ബി.1.1.7), ഡെല്‍റ്റ (ബി.1.617.2) വകഭേദങ്ങള്‍ വഴിയുണ്ടായ കേസുകളുടെ അനുപാതത്തെ കുറിച്ച് പഠനം നടത്തിയിട്ടില്ല. പഠന റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും കൂടുതല്‍ വിശകലനങ്ങള്‍ ആവശ്യമാണെന്നും ട്രാന്‍സ്‌ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. ജോയ് ജെ മാമ്മെന്‍ പറഞ്ഞു.
കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. ഇതില്‍ 93 ശതമാനവും കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. കുത്തിവയ്പ് എടുക്കാത്ത വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനേഷൻ ലഭിച്ച വ്യക്തികള്‍ക്ക് മികച്ച സംരക്ഷണം ലഭിച്ചുവെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
The Best Online Portal in Malayalam