കോവിഡ് വാക്സിൻ വിതരണം; കേരളവും സിക്കിമും ഗോവയും മുന്നിൽ

കോവിഡ് വാക്സിൻ വിതരണത്തിൽ സിക്കിം, കേരളം, ഗോവ സംസ്ഥാനങ്ങൾ മുന്നിലെന്ന് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 6.9 ലക്ഷം ജനസംഖ്യയുള്ള സിക്കിമിൽ ഏഴ് ശതമാനം പേർക്ക് കോവിഡ് വാക്സിന്റെ ആദ്യഡോസ് നൽകിയിട്ടുണ്ട്. ബീഹാറും ഉത്തർപ്രദേശുമാണ് പട്ടികയിൽ അവസാനസ്ഥാനത്തുള്ള സംസ്ഥാനങ്ങൾ.

സിക്കിമിൽ 48331 പേർക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്. ജനസംഖ്യാപരമായി ഏറെ മുന്നിലുള്ള കേരളം വാക്സിൻ വിതരണത്തിലും മുന്നിലാണ്.

കേരളത്തിൽ ഇതിനോടകം 17,27,014 പേർക്കാണ് വാക്സിൻ നൽകിയത്. ആകെ ജനസംഖ്യയുടെ 4.84 ശതമാനം പേരാണ് കേരളത്തിൽ വാക്സിനേഷൻ സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്താകമാനം 3,24,26,230 പേർക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.37 ശതമാനം മാത്രമാണിത്.

1.09 ശതമാനം പേർക്ക് വാക്സിൻ നൽകിയ ബീഹാറും 1.22 ശതമാനം പേർക്ക് വാക്സിൻ നൽകിയ ഉത്തർപ്രദേശുമാണ് പട്ടികയിൽ അവസാനസ്ഥാനത്തുള്ള സംസ്ഥാനങ്ങൾ. ജനുവരി 16 നാണ് വാക്സിനേഷൻ രാജ്യത്ത് ആരംഭിച്ചത്.