ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 139-ാം സ്ഥാനം

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 139-ാം സ്ഥാനം. യുഎൻ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊലുഷൻ നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച് 149 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയലാണ് ഇന്ത്യ പിൻപന്തിയിൽ സ്ഥാനം നേടിയത്. ഫിൻലൻഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തുടർച്ചയായ നാലാം താവണയാണ് ഫിൻലൻഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്വിറ്റ്സർലൻഡ്, ഐസ്‌ലൻഡ്, നെതർലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.

2020 ലെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 144 ആയിരുന്നു. പുതിയ പട്ടികയിൽ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ (105), ചൈന (84), ശ്രീലങ്ക (129), ബംഗ്ലാദേശ് (101) എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ സ്ഥാനം പിടിച്ചു. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ എറ്റവും പിന്നിലുള്ള രാജ്യം. ബുറുണ്ടി, യെമൻ, ടാൻസാനിയ, ഹെയ്തി, മലാവി, ലെസോത്തോ, ബോട്സ്വാന, റുവാണ്ട, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലായി സ്ഥാനം നേടിയത്.

അനലിസ്റ്റിക്സ് റിസേർച്ചർ ഗാലപ്പാണ് 149 രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ഡാറ്റ ശേഖരിച്ചത്. സാമൂഹ്യ പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, ജിഡിപി, അഴിമതി എന്നിവയെല്ലാം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. മൂന്നിലൊന്ന് രാജ്യങ്ങളിലും കോവിഡ് മഹാമാരി നിമിത്തം സന്തോഷ സൂചികയിൽ കാര്യമായ കുറവുണ്ടെന്നും റിപ്പോർട്ട് വിശദമാക്കുന്നു. 22 രാജ്യങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടതായും നിരവധി ഏഷ്യൻ രാജ്യങ്ങൾ പട്ടികയിൽ ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് 19 ആഗോള തലത്തില്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചെങ്കിലും ആളുകൾക്ക് പരസ്പരമുള്ള ഐക്യവും സഹോദര മനോഭാവവും കൂടിയെന്നും പട്ടിക വിശദമാക്കുന്നു.