ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: വിധി ഇന്ന്

 

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഇന്ന് വിധി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഏറെ കോളിളക്കമുണ്ടായ കേസിന്റെ വിധിക്കായാണ് കേരളം കാത്തിരിക്കുന്നത്.

കുറുവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിൽ വെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നുവിത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ അടക്കം പരസ്യ സമരവുമായി തെരുവിലേക്കിറങ്ങി

കർദിനാൾ ആലഞ്ചേരി അടക്കം നാല് ബിഷപുമാരെയാണ് കേസിൽ വിസ്തരിച്ചത്. 25 കന്യാസ്ത്രീകൾ, 11 വൈദികർ എന്നിവരുടെ രഹസ്യമൊഴിയുമെടുത്തു. 83 സാസിക്ഷികളിൽ 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാട് എടുത്തു. 122 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി. ബലാത്സംഗം, അന്യായമായി തടവിൽ വെക്കൽ, അധികാരമുപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ അടക്കം ഏഴ് വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.