കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണ കോവിഡ് സാഹചര്യത്തിൽ നിർത്തി വെയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ വിചാരണ തുടരാം എന്ന് കോടതി നിർദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിർത്തി വെയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം.
കോവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കം കോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ വിചാരണ തുടരാം എന്ന് കോടതി നിർദ്ദേശിച്ചു. ഈ മാസം അഞ്ചിന് വിചാരണ നടപടികൾ തുടരാം എന്ന് കോടതി പറഞ്ഞു. സെപ്റ്റംബർ 16-നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്.
കുറുവിലങ്ങാട് മഠത്തിൽ വെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ
ബലാത്സംഗം ചെയ്തെന്നാണ് കേസ്.
ബലാത്സംഗം, അന്യായമായി തടവിൽ വെയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.