കനകമല ഐ എസ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് പോളക്കാനിയെ ഡൽഹിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ജോർജിയയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
കേസിൽ ഒമ്പത് പേരുടെ വിചാരണ 2019 നവംബറിൽ എൻഐഎ കോടതി പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. അതേസമയം പ്രതികളുടെ ഐഎസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ഏഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ വെച്ച് മരിച്ചിരുന്നു.
പിന്നീട് പിടിയിലായ സുബഹാനി ഹാജയുടെ വിചാരണ പൂർത്തിയാക്കി ശനിയാഴ്ച ശിക്ഷ വിധിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് മുഹമ്മദ് പോളക്കാനി പിടിയിലാകുന്നത്. കേസിൽ ഒന്നാം പ്രതി തലശ്ശേരി സ്വദേശി മൻസീദിന് 14 വർഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് പത്ത് വർഷം തടവുമായിരുന്നു കോടതി വിധി.