എസ് എൻ സി ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപക്ഷേ. പ്രതി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ.
കേസിൽ നിന്നും പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. കേസിൽ സുപ്രീം കോടതിയിൽ സിബിഐ ഹർജി നൽകുകയായിരുന്നു.
പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഹൈക്കോടതി വിശദമായി പരിശോധിച്ചില്ലെന്നുമാണ് സിബിഐ ആരോപിക്കുന്നത്. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും കോടതിയിൽ ഹാജരാകുക. കേസ് സുപ്രീം കോടതി പുതിയ ബഞ്ചിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ ബഞ്ചിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസ് രമണയുടെ ബഞ്ചിൽ നിന്നുമാണ് കേസ് മാറ്റിയത്.