എസ്.എൻ.സി ലാവ്‌ലിൻ അഴിമതി കേസ് സുപ്രീംകോടതി രണ്ടംഗ ബെഞ്ചിലേക്ക്, കേസ് തിങ്കളാഴ്ച പരിഗണിക്കും

എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം വരുത്തി. ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്നും രണ്ടംഗ ബെഞ്ചിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചാണ് കേസ് ഇനി പരിഗണിക്കുക. ലാവ്‌ലിൻ കേസിൽ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.

കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ഹൈക്കോടതി വെറുതെ വിട്ടതെന്നാണ് ഹര്‍ജിയിൽ സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്