മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ പഴയ സമര പോരാട്ടങ്ങൾ ഓർക്കുകയാണ് കാസർഗോട്ടെ എൻഡോസൾഫാൻ ജനത. ആരാരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത എൻഡോസൾഫാൻ ദുരിതബാധിതരുടെ ഇടയിലേക്ക് വി എസ് എത്തിയത് മുതലാണ് ആ മനുഷ്യർ ജനിച്ച മണ്ണിൽ കാലൂന്നി നിൽക്കാൻ തുടങ്ങിയത്. കാസർഗോഡ് കളക്ടറേറ്റ് മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ ആ സമര പോരാട്ടം നീണ്ടു.
ഒരുപക്ഷേ വിഎസ് ഇല്ലായിരുന്നുവെങ്കിൽ കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തമുഖത്തിന്റെ വ്യാപ്തി ലോകത്തിനറിയില്ലായിരുന്നു. എൻഡോസൾഫാൻ സമര നേതാക്കളുടെ വാക്കുകളിൽ ഉണ്ട് വിഎസ് എന്ന രണ്ടക്ഷരം നൽകിയ ഊർജ്ജം. എൻഡോസൾഫാൻ സമരസമിതി 2004 ൽ കാസർഗോഡ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് വിഎസ് അച്യുതാനന്ദൻ എന്ന അന്നത്തെ പ്രതിപക്ഷ നേതാവ് എൻഡോസൾഫാൻ ദുരിതബാധിതരോടൊപ്പം ചേർന്നത്.
ദുരിതം പേറുന്നവരുടെ വേദന മനസ്സിലാക്കിയ വി എസ് സമരമുഖങ്ങളിൽ അടിയുറച്ചു നിന്നു. നിയമസഭയിൽ പോലും എൻഡോസൾഫാൻ വിഷയം ഉയർത്താനും, അത് ചർച്ചയാക്കാനും വിഎസ് അച്യുതാനന്ദൻ മുന്നിൽനിന്നു. സർക്കാരിന്റെ ആദ്യ ധനസഹായം എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിച്ചത് വിഎസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്.
പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും, മുഖ്യമന്ത്രി ആയിരിക്കുമ്പോഴും വിഎസിന്റെ സമരവീര്യം കേരളം കണ്ടു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പോരാട്ടങ്ങൾക്ക് കരുത്തേകാൻ വി എസിന് പകരം ഇനിയാര് എന്നതാണ് ദുരിതബാധിതരുടെ സങ്കടം.