തിരുവനന്തപുരത്തെ ദർബാർ ഹാളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനം അവസാനിച്ചു. മൃതദേഹം വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് മാറ്റി. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര.
ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്. വട്ടിയൂർകാവിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ വി എസ് സൃഷ്‌ടിച്ച ആവേശത്തെ അനുസ്മരിച്ച് വി കെ പ്രശാന്ത് എംഎൽഎ രംഗത്തെത്തി. രണ്ടു തവണയാണ് മണലത്തിൽ വി കെ പ്രശാന്ത് വിജയിച്ചത്. മൂന്നാം തവണയും വിജയിച്ച് വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
വട്ടിയൂർക്കാവ് ബൈ ഇലക്ഷൻ നടക്കുമ്പോഴാണ് വി കെ പ്രശാന്തിന് വേണ്ടി വി എസ് തന്റെ അവസാന പൊതുപരിപാടിയിൽ പങ്കെടുത്തത്. കുറവൻകോണത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം ആയിരുന്നു അത്. അദ്ദേഹം 2 മിനിട്ടാണ് സംസാരിച്ചത്. വിജയിപ്പിക്കൂ.. വിജയിപ്പിക്കൂ.. വിജയിപ്പിക്കൂ.. എന്ന് അവസാനം അദ്ദേഹത്തിന്റെ ശൈലിയിൽ പ്രഖ്യാപിച്ചാണ് വേദി വിട്ടതെന്നും വി കെ പ്രശാന്ത് അനുസ്മരിച്ചു.
അതിന് ശേഷം അദ്ദേഹത്തിന് സ്ട്രോക്ക് വന്നു കിടപ്പിലായി. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വേദിയിൽ എത്തിയത്. അന്ന് അദ്ദേഹത്തെ കാണാൻ വലിയൊരു ജനസാഗരമാണ് തടിച്ചുകൂടിയത്. കുറവൻകോണംകാർ കണ്ട ഏറ്റവും വലിയ പൊതുയോഗം ആയിരുന്നു. എല്ലാ നിലയിലും ആവേശം ഉണ്ടാക്കി.
നിർണായകമായ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് മൂന്നാം സ്ഥാനത്തായിരുന്നു അന്ന് എൽഡിഎഫ്. അതിൽ നിന്നും ഒന്നാമതെത്തി. ഒന്നാമതെത്താൻ വിഎസിന്റെ ഇടപെടൽ വളരെ വലുതായിരുന്നു. മൂന്നാം തവണയും നമ്മൾ ഭരണം നേടും. വി എസ് സൃഷ്‌ടിച്ച ആവേശം വട്ടിയൂർക്കാവിൽ നിലനിർത്തുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.