കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാനയാകും; പ്രശാന്ത് ഭൂഷണ്‍

 

കോഴിക്കോട്: കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന അതിവേഗ കെ റെയില്‍ പദ്ധതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കെ റെയില്‍ സംസ്ഥാനത്ത് മറ്റൊരു വെള്ളാനയാകുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാട്ടിലപ്പീടികയില്‍ കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറണം. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇതുകൊണ്ട് ഉപകാരമുണ്ടാവൂ. ഏറെ പാരിസ്ഥിതികാഘാതം ഉണ്ടാവാനിടയുള്ള പദ്ധതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഇ ശ്രീധരന്‍ അടക്കമുള്ളവരുടെ ഉപദേശം സര്‍ക്കാറിന് തേടാമായിരുന്നു എന്നും പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, യു ഡി എഫും പദ്ധതിക്കെതിരെ രംഗത്തുണ്ട്. പദ്ധതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കേരളത്തെ നെടുകെ മുറിക്കുന്നതാണ് ഈ പദ്ധതിയെന്നുമാണ് യു ഡി എഫ് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.